25 April Thursday

ലോക കേരളസഭ: മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയിലേക്ക്‌ തിരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

തിരുവനന്തപുരം> ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എൻ ഷംസീറും മന്ത്രിമാരും ചീഫ്‌ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും അമേരിക്കയിലേക്ക്‌ തിരിച്ചു. ശനി രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും.

മന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖരും ലോക കേരള സഭാംഗങ്ങളും ചീഫ് സെക്രട്ടറി വി പി ജോയ്‌ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
വെള്ളിയാഴ്ച ന്യൂയോർക്കിലെ 9/11 സ്‌മാരകം മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. 11ന്‌ മാരിയറ്റ് മാർക്ക് ക്വീയിൽ ബിസിനസ് ഇൻവെസ്റ്റ്മെന്റ്‌ മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രവാസി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

പന്ത്രണ്ടിന് വാഷിങ്‌ടൺ ഡിസിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ്‌ മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 13ന് മാരിലാൻഡ് വെയ്‌സ്റ്റ് മാനേജ്മെന്റ്‌ സംവിധാനങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കും. 14ന് ഹവാനയിലേക്ക് തിരിക്കും. 15നും 16നും ഹവാനയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വിവിധ പ്രമുഖരുമായും  കൂടിക്കാഴ്ച നടത്തും. ജോസ് മാർട്ടി ദേശീയ സ്മാരകമടക്കമുള്ള ചരിത്രപ്രധാന സ്ഥലങ്ങളും  സന്ദർശിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top