29 March Friday

സ്‌‌കൂൾ തുറക്കൽ മുന്നൊരുക്കം സമയബന്ധിതമായി ഉറപ്പാക്കണം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday May 22, 2023

തിരുവനന്തപുരം> സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അധ്യായനവർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടി പൂർത്തീകരിക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നു ണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. പി ടി എയുടെ നേതൃത്വത്തിൽ ജനകീയ സന്നദ്ധ പ്രവർത്തനം നടത്തി സ്‌കൂൾ ശുചീകരിക്കണം. സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, റസിഡണ്ട് അസോസിയേഷനുകൾ, അദ്ധ്യപക-വിദ്യാർത്ഥി-ബഹുജന സംഘടനകൾ മുതലായവയെ സഹകരിപ്പിക്കണം.

ഉപയോഗശൂന്യ വാഹനങ്ങൾ നീക്കംചെയ്യണം

സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി കൈക്കൊള്ളണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കണം. സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുള്ള ഐ ടി ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഹാർഡ്‌വെയർ ക്ലിനിക്ക് നടത്തി കംപ്യൂട്ടറുകളുടെയും ഇതര ഐടി ഉപകരണങ്ങളുടെയും പരിശോധന പൂർത്തീകരിച്ച് അറ്റകുറ്റ പണി ആവശ്യമെങ്കിൽ നടത്തണം.  ഉപയോഗശൂന്യമായവ ഒഴിവാക്കണം. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാഭിത്തികൾ നിർമിക്കണം. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് ശ്രദ്ധിക്കണം.

അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കണം

സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
 കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കി ക്ലോറിനേഷൻ അടക്കമുള്ള ജല ശുചീകരണ നടപടി പൂർത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ദുരന്ത ലഘൂകരണത്തിന് വിദ്യാർഥികൾക്കും  ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കണം. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ സംഘടിപ്പിക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ബോധവത്കരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, കെ  രാധാകൃഷ്ണൻ എം ബി  രാജേഷ്, ആന്റണി രാജു, കെ കൃഷ്ണൻ കുട്ടി, ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top