29 March Friday

ഒരു കോടിയിലധികം പേർ വാക്‌സിനേഷൻ പൂർത്തിയാക്കി; ആദ്യ ഡോസ് ലക്ഷ്യത്തോടടുക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

തിരുവനന്തപുരം > സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ  രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷൻ പൂർത്തിയാക്കിയതിലൂടെ വാക്‌സിനേഷന്റെ മറ്റൊരു ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി. ആദ്യ ഡോസ് വാക്‌സിനേഷൻ 90 ശതമാനവും (90.57) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,91,036 പേർ ആദ്യ ഡോസ് വാക്‌സിനും 1,01,68,405 പേർ രണ്ടാം ഡോസ് വാക്‌സിനും (38.07 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,43,59,441 ഡോസ് വാക്‌സിൻ നൽകാനായതായും മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാനത്ത് ആകെ 24 ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിൻ എടുക്കേണ്ടതുള്ളൂ. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് വാക്‌സിൻ എടുക്കാനുള്ളത്. ഇക്കാരണത്തിൽ പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലും തിരക്കില്ല.  ഈ മാസം തന്നെ ഒന്നാം ഡോസ് വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നും രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നുമാണ്‌ പ്രതീക്ഷിക്കുന്നത്.    

മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്‌സിനെടുക്കാനുണ്ട്. 65 വയസിന് മുകളിൽ പ്രായമുള്ളവരിൽ ഇനിയും വാക്‌സിൻ എടുക്കാനുള്ളവർ ഉടനെ വാക്‌സിനെടുക്കാൻ തയ്യാറാവണം. വയോജനങ്ങളിലും അനുബന്ധ രോഗങ്ങളുള്ളവരിലും പോസിറ്റീവാകുന്നവർ ആശുപത്രിയിൽ കൃത്യസമയത്തെത്തുന്നതിൽ അലംഭാവം കാണിക്കുന്നതും ഒഴിവാക്കണം. 30 ശതമാനത്തോളം പേർക്കാണ് തക്ക സമയത്ത് ആശുപത്രിയിൽ എത്താത്തതിനാൽ ജീവൻ നഷ്‌ട‌മായത്‌. 65 വയസിന് മുകളിലുള്ളവർ എല്ലാം തന്നെ വാക്‌സിനെടുക്കുകയും മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കോവിഡ് പോസിറ്റീവായാൽ കൃത്യമായി ആശുപത്രിയിലെത്തുകയും ചെയ്‌താൽ  മരണ നിരക്ക് ഗണ്യമായി  കുറക്കാൻ സാധിക്കും. അക്കാര്യത്തിൽ പൊതുസമൂഹത്തിന്റെയും വീട്ടുകാരുടെയും ശ്രദ്ധ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സംസ്ഥാനത്ത്  സെറോ പ്രിവിലൻസ് പഠനം പൂർത്തിയായിവരികയാണ്. രോഗം വന്നും വാക്‌സിനേഷൻ സ്വീകരിച്ചും എത്ര ശതമാനം ആളുകൾക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് സെറോ പ്രിവിലൻസ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക പഠനവും നടത്തുന്നുണ്ട്. രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതിനാലാണ് കോളേജുകൾ അടുത്തമാസവും സ്‌കൂളുകൾ നവംബറിലും തുറക്കാനുള്ള തീരുമാനമുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top