25 April Thursday

കേരളതീരത്ത്‌ അസാധാരണ താപവ്യാപനം; ലഘു മേഘസ്‌ഫോടനങ്ങൾ ആവർത്തിക്കാം

സ്വന്തം ലേഖികUpdated: Thursday Nov 25, 2021

കൊച്ചി > സംസ്ഥാനത്ത്‌ ലഘു മേഘസ്‌ഫോടനങ്ങൾ ആവർത്തിക്കാമെന്നും കേരളതീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നും കാലവസ്ഥാ ഗവേഷകർ. കുസാറ്റിൽ അന്താരാഷ്‌ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ (ഇൻട്രോമേറ്റ്‌–-21),  അമേരിക്കയിലെ ഫ്ലോറിഡ മിയാമി സർവകലാശാലയിലെ പ്രൊഫ. ബ്രയാൻ മേപ്‌സ്‌ അവതരിപ്പിച്ച പ്രബന്ധത്തിലാണ്‌ കേരളതീരത്തെ അസാധാരണ താപവ്യാപനത്തെക്കുറിച്ചുള്ള സുപ്രധാന നിരീക്ഷണം.

അറബിക്കടൽ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 1980നുശേഷം പരമാവധി 29 ഡിഗ്രി എന്നതിൽനിന്ന്‌ 30ന്‌ മുകളിലേക്ക്‌ ഉയർന്നു. തെക്കുകിഴക്കൻ അറബിക്കടലിന്റെ താപനില മറ്റു സമുദ്രങ്ങളിലേതിനെക്കാൾ ഒന്നരമടങ്ങ്‌ വേഗത്തിലാണ്‌ വർധിക്കുന്നത്‌. ഏറ്റവും അധികം ചുഴലിക്കാറ്റുകൾ ഉണ്ടാകുന്ന പടിഞ്ഞാറൻ പസിഫിക്‌ സമുദ്രത്തിന്റെ നിരക്കിനോട്‌ തുല്യമാണിത്‌. ഇതുമൂലം കേരളതീരത്ത്‌ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടാകാം. കേരളത്തിൽ 2018 മുതൽ ഉണ്ടാകുന്ന പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമാകുന്ന ലഘു മേഘ വിസ്‌ഫോടനംപോലെയുള്ളവയ്‌ക്ക്‌ കാരണം ഈ അധിക താപനമാണ്‌. മേഘക്കൂട്ടങ്ങൾ രൂപംകൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്രമോ, അതിതീവ്രമോയായ മഴ പെയ്യുമെന്നും പ്രബന്ധത്തിൽ പറയുന്നു. 

പ്രൊഫ. ബ്രയാൻ മേപ്‌സും കുസാറ്റ്‌ റഡാർ ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ. എസ്‌ അഭിലാഷും ചേർന്നാണ്‌ പഠനം നടത്തിയത്‌. കുസാറ്റിലെ ഡോ. പി വിജയകുമാർ, ബേബി ചക്രപാണി, പ്രൊഫ. കെ മോഹൻകുമാർ, ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. ഒ പി ശ്രീജിത് എന്നിവരും പഠനത്തിൽ പങ്കാളിയായിരുന്നു.

ഇൻട്രൊമെറ്റിൽ ബുധനാഴ്‌ച പ്രൊഫ. എ ജയരാമൻ, ഡോ. രാധിക രാമചന്ദ്രൻ, ഡോ. രൂപ കുമാർ കോലി എന്നിവർ  വിവിധ സെഷനുകൾക്ക്‌ നേതൃത്വം നൽകി. കാലാവസ്ഥയിൽ സമുദ്രത്തിന്റെ പങ്ക്‌, മാറുന്ന കാലാവസ്ഥയിലെ ചുഴലിക്കാറ്റുകൾ തുടങ്ങിയ വിഷയങ്ങളിലാണ്‌ വ്യാഴാഴ്‌ചത്തെ പ്രബന്ധാവതരണം. വെള്ളിയാഴ്‌ച സമ്മേളനം സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top