18 April Thursday

2025നകം പൂർണ വൃത്തിയുള്ള സംസ്ഥാനമാക്കും

പ്രത്യേക ലേഖകൻUpdated: Sunday Feb 5, 2023

കൊച്ചി
കേരളത്തെ 2025നകം എല്ലാ രീതിയിലും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്യാമ്പയിൻ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യസംസ്‌കരണരംഗത്തെ നൂതന സാങ്കേതികവിദ്യയെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ശിൽപ്പശാല ജിഇഎക്‌സ് കേരള 23 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ചെറിയ തോതിലാണെങ്കിലും ഓരോ വാർഡിലും കഴിയുന്നത്ര ഇടങ്ങൾ ആദ്യം മാലിന്യരഹിതമാക്കണം. തുടർന്ന്‌ മുഴുവൻ പൊതുസ്ഥാപനങ്ങളെയും മാലിന്യരഹിതമാക്കുക, പഞ്ചായത്തിലും നഗരപ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകൾ മാലിന്യരഹിതമാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ഒന്നാംഘട്ടം.  വാർഡുകൾ, പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക്, നിയമസഭാമണ്ഡലം, ജില്ല എന്നീ ക്രമത്തിൽ സമഗ്ര മാലിന്യസംസ്‌കരണം ഉറപ്പാക്കും.

ഓരോ തലത്തിലും മികച്ച പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകും. ഇതിലൂടെ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന ജില്ലകൾക്ക് പ്രത്യേക പുരസ്‌കാരം നൽകുന്നത്‌ പരിഗണിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രത്യേക ഗ്രേഡ് നൽകും.  സാങ്കേതികപിന്തുണ ഉറപ്പാക്കാൻ സ്ഥിരം ഗ്രീൻ ഓഡിറ്റിങ്‌ സമിതികൾ രൂപീകരിക്കും. എല്ലാ ജില്ലയിലും കക്കൂസ്‌മാലിന്യ സംസ്‌കരണ പ്ലാന്റുകൾ നിർമിക്കും. പ്ലാന്റുകൾ വരുന്നതുകൊണ്ട് പ്രത്യേകമായി ഒരു ആപത്തും വരാനില്ല. മാലിന്യം സംസ്‌കരിക്കാതിരുന്നാൽ നമുക്കുതന്നെയാണ് ദോഷം. അത് മനസ്സിലാക്കി മാലിന്യസംസ്‌കരണത്തിൽ മുൻകൈയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയണം.  

   സംസ്ഥാനം സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ നേടിയ അത്ര പുരോഗതി മാലിന്യനിർമാർജനരംഗത്ത്‌ കൈവരിച്ചിട്ടില്ല. ഈ തടസ്സം മാറാൻ സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റംവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top