19 April Friday

പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും യൂത്തല്ലെന്ന് വിമര്‍ശം; ഭാരവാഹികള്‍ക്കെതിരെ യൂത്ത്‌ ലീ‌ഗില്‍ കലഹം

സ്വന്തം ലേഖകന്‍Updated: Sunday Oct 24, 2021

കോഴിക്കോട് >  ഭാരവാഹിത്വത്തില്‍  വനിതകളെയും പുതുമുഖങ്ങളെയും തഴഞ്ഞതില്‍ മുസ്ലിംയൂത്ത്ലീഗില്‍ പ്രതിഷേധം കനക്കുന്നു. അഞ്ചുവര്‍ഷമായി തുടരുന്ന മുനവറലിയെയും പി കെ ഫിറോസിനെയും വീണ്ടും നേതൃത്വത്തില്‍ അടിച്ചേല്‍പിച്ചതിലാണ് പ്രതിഷേധം. തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്കെതിരെ വിവിധ ജില്ലാകമ്മിറ്റികളും എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി പി എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി  കോഴിക്കോട് ജില്ലാ കമ്മിറ്റി എതിര്‍പ്പ് പരസ്യമാക്കി.  

റിട്ടേണിങ് ഓഫീസര്‍ പി എം എ സലാമിന്   പരാതി യുംനല്‍കി.നിലവില്‍ ഭാരവാഹിയായ ആഷിഖ് ചെലവൂരിനെ ഒഴിവാക്കിയതിലാണ് അതൃപ്തി.  ട്രഷററായി പി ഇസ്മയിലിന് പകരം ടി പി അഷ്റഫലിയുടെ പേര് ഒമ്പത് ജില്ലാകമ്മിറ്റികള്‍ നിര്‍ദ്ദേശിച്ചു. മുനവറലി തങ്ങളെ മാറ്റുകയാണെങ്കില്‍പി കെ  ഫിറോസ് പ്രസിഡന്റും അഷ്റഫലി ജനറല്‍ സെക്രട്ടറിയും എന്ന നിര്‍ദ്ദേശവുമുണ്ടായി. എന്നാല്‍ അഷറഫലിയെ പൂര്‍ണമായി അവഗണിച്ചു.   വൈസ്പ്രസിഡന്റുമാരായി തെരഞ്ഞെടുത്ത  മുജീബ് കാടേരി, ഫൈസല്‍ ബാഫഖിതങ്ങള്‍ എന്നിവര്‍  മലപ്പുറം കമ്മിറ്റിക്ക് സ്വീകാര്യരല്ല.  നഗരസഭാ ചെയര്‍മാനായ മുജീബിനെ ഭാരവാഹിയാക്കിയത് സംഘടനക്ക് വേണ്ടിയല്ല ചില നേതാക്കളുടെ ഇഷ്ടപ്രകാരമെന്നാണ്  ആരോപണം. ഫൈസലിനെതിരെ പൊന്നാനിയില്‍ നിന്നും പ്രതിഷേധമുണ്ട്.

പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും യൂത്തല്ലെന്ന്

പ്രായത്തിന്റെ പേരില്‍ ജില്ലകളില്‍ നേതാക്കളെ തഴഞ്ഞപ്പോള്‍ മാനദണ്ഡം മറികടന്ന് മുനവറലി തങ്ങളെ പ്രസിഡന്റായി തുടരാന്‍ അനുവദിച്ചതില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രവര്‍ത്തകര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്.   ജനറല്‍ സെക്രട്ടറി   ഫിറോസും പ്രായപരിധി കഴിഞ്ഞതാണ്. 2016--ല്‍ ഭാരവാഹിയായതാണ് ഇരുവരും.

40 വയസ്‌ വ‌രെയാണ് ഭരണഘടനാനുസൃതമായി യൂത്‌ ലീഗില്‍ അംഗത്വം.  നിലവിലുള്ള സംസ്ഥാനസമിതിയില്‍ 40ന് താഴെ പ്രായമുള്ള ഒരാളെയുള്ളുവെന്ന് ചുണ്ടിക്കാട്ടി  ഇത് വൃദ്ധസഭയാണെന്ന ട്രോളുമുണ്ട്.  അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കാത്തതിന് പിന്നില്‍ ലീഗ് ഉന്നത നേതാക്കളുടെ താല്‍പര്യമാണെന്ന പരാതിയും  ശക്തം. ഹരിത നേതാക്കളെയും അഷ്റഫലിയെയും പിന്തുണക്കുന്നതായി നടിച്ച ഫിറോസിന്റെ കാപട്യം സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യക്തമായായി  പ്രവര്‍ത്തകര്‍  പറയുന്നു. സാദിഖലി തങ്ങള്‍ കണ്ണുരുട്ടിയപ്പോള്‍  സ്ഥാനം സംരക്ഷിക്കാന്‍   അഷ്റഫലിയെയും ഹരിതയെയും ഫിറോസ് പെരുവഴിയിലാക്കിയെന്ന ആക്ഷേപവും  കുറവല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top