29 March Friday

മിന്നൽ ഹർത്താൽ നാശനഷ്ടം ; കെഎസ്‌ആർടിസിയും 37 വ്യക്തികളും 
ക്ലെയിം പെറ്റീഷൻ നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


കൊച്ചി
പോപ്പുലർ ഫ്രണ്ട്‌ സെപ്‌തംബർ 23ന്‌ നടത്തിയ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ നിയമിച്ച സംസ്ഥാന ക്ലെയിം കമീഷണർ മുമ്പാകെ കെഎസ്‌ആർടിസിയും 37 വ്യക്തികളും ക്ലെയിം പെറ്റീഷൻ ഫയൽ ചെയ്‌തു.

ഹർത്താൽ ദിവസത്തെ ആക്രമണത്തിൽ 56 കെഎസ്ആർടിസി ബസുകൾക്ക് നാശമുണ്ടായതായും 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരിക്കേറ്റതായും 5.07 കോടിയുടെ നാശനഷ്ടമുണ്ടായെന്നുമാണ്‌ പരാതി. വ്യക്തികൾ 37 പരാതികളാണ്‌ നൽകിയത്‌. ഇതിൽ ആക്രമണത്തിൽ കാഴ്‌ച നഷ്ടപ്പെട്ട ആറ്റിങ്ങൽ സ്വദേശിയുടേത്‌ ഉൾപ്പെടെ ഏഴുപേരുടെ പരാതിയുമുണ്ട്‌. കമീഷൻ പ്രവർത്തനം തുടങ്ങിയ ഫെബ്രുവരിമുതലുള്ള കണക്കാണിത്‌. റിട്ട. ജില്ലാ ജഡ്‌ജി പി ഡി ശാർങ്‌ധരനാണ്‌ ക്ലെയിം കമീഷണർ. ക്ലെയിം പെറ്റീഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും രേഖകളും സമർപ്പിക്കാൻ നിർദേശിച്ച്‌ കെഎസ്‌ആർടിസിക്ക്‌ നോട്ടീസ്‌ അയച്ചതായി കമീഷണർ പറഞ്ഞു. ഇവർ നൽകുന്ന രേഖകൾ പരിശോധിച്ചായിരിക്കും തുടർനടപടി.

ഹർത്താൽ നേരിടാൻ സേനയെ അധികമായി ഉപയോഗിച്ചതിനടക്കം ചെലവായ തുക ഉൾപ്പെടെ വ്യക്തമാക്കി ക്ലെയിം പെറ്റീഷൻ നൽകാൻ പൊലീസ്‌ മേധാവിയോട്‌ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. മിന്നൽ ഹർത്താലിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ പോപ്പുലർ ഫ്രണ്ടിൽനിന്ന്‌ ഈടാക്കണമെന്നായിരുന്നു ജസ്‌റ്റിസ്‌ എ കെ ജയശങ്കരൻനമ്പ്യാർ, ജസ്‌റ്റിസ്‌ സി പി നിയാസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ നിർദേശം. കോടതിനിർദേശം അനുസരിച്ചാണ്‌ ക്ലെയിം കമീഷണറെ നിയമിച്ചത്‌.
ഹർത്താൽ ആക്രമണങ്ങളിൽ നാശനഷ്ടമുണ്ടായവർക്കും പരിക്കേറ്റവർക്കും ക്ലെയിം കമീഷണർക്ക്‌ നേരിട്ടോ, ഇ–-മെയിലായോ തപാലിലോ പരാതി നൽകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top