26 April Friday

റേഷൻ വിതരണം താളംതെറ്റിയെന്നത്‌ തെറ്റായ പ്രചരണം; ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുത്‌: ഭക്ഷ്യ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

തിരുവനന്തപുരം > സംസ്ഥാനത്ത്‌ റേഷൻ വിതരണം വീണ്ടും താളം തെറ്റിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന  വാർത്തകൾ തെറ്റാണെന്ന്‌ ഭക്ഷ്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ഇന്ന് ഉച്ചവരെ സംസ്ഥാനത്ത് റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ റെക്കാര്‍ഡ് വര്‍ധനയാണുള്ളത്‌. ഇത്‌ മറച്ചുവെച്ചാണ്‌ സെർവർ തകരാർമൂലം റേഷൻ വിതരണംതാളം തെറ്റി എന്ന തരത്തിൽ ചില ടെലിവിഷൻ ചാനലുകളിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്‌.  റേഷന്‍ കടയില്‍ നെറ്റ്‌വര്‍ക്ക് സംബന്ധമായ തടസ്സം കൊണ്ട്‌ റേഷൻ വിതരണത്തിൽ വേഗതക്കുറവുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളെ മാധ്യമങ്ങൾ പർവതീകരിച്ച്‌ കാണിക്കരുതെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു.

സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട്  13 മുതല്‍ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂര്‍ണമായി പിന്‍വലിച്ച്‌ റേഷൻ കടകൾ പഴയക്രമത്തിലേക്ക്‌ മാറിയത്‌ ഇന്ന്‌ മുതലാണ്‌ ( ജനുവരി 27). സംസ്ഥാനത്ത് ഒരു ദിവസം റേഷന്‍ വിഹിതം കൈപ്പറ്റുന്ന  കാര്‍ഡ് ഉടമകളുടെ ശരാശരി എണ്ണം 3.5 ലക്ഷത്തിനും നാല്‌ ലക്ഷത്തിനും ഇടയിലാണ്. ഇന്ന് (ജനുവരി 27) 12.30 വരെ സംസ്ഥാനത്ത് 3.64 ലക്ഷം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ ഇത്  സമീപകാല റെക്കാര്‍ഡാണ്. എന്നാല്‍ റേഷന്‍ വിതരണത്തില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ ചിലർ ശ്രമം നടത്തുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇന്ന് റേഷന്‍ വിഹിതം കൈപ്പറ്റിയവരുടെ എണ്ണം മാത്രം എടുത്താല്‍ തന്നെ ഇവര്‍ നടത്തുന്ന  കുപ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാണാനാവും. 

റേഷന്‍ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ എല്ലാം തന്നെ പൂര്‍‌ണ്ണതോതില്‍ പ്രവര്‍ത്തിച്ചു വരുന്നതായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററും (എൻഐസി) സ്റ്റേറ്റ് ഐടി മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top