18 April Thursday

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവ് നിയമപരമല്ല; തെറ്റായ സന്ദേശം നല്‍കുന്നു: ലോയേഴ്‌സ് യൂണിയന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കൊച്ചി> സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ച് കൊണ്ടോ ഉത്തരവ് നല്‍കുവാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്; പക്ഷേ, ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതയുടെ അഡ്രസ്സ് അടക്കമുള്ളവ വെളിപ്പെടുത്താനോ ആക്ഷേപകരമായി പരാമര്‍ശിക്കാനോ ഈ അധികാരം വിനിയോഗിക്കപ്പെടുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്- ലോയേഴ്‌സ് യൂണിയന്‍ പറഞ്ഞു.  
   
പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 354 എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്. പരാതിക്കാരിയുടെ ഏതോ ഫോട്ടോ വെച്ച് അതിജീവിതയെ സ്വഭാവഹത്യ നടത്തുംവിധമുള്ള പരാമര്‍ശങ്ങള്‍ ഒരു കോടതി ഉത്തരവില്‍ ഇടം പിടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന വസ്ത്രധാരണ രീതി കുറ്റകൃത്യത്തിനുള്ള പ്രകോപനവും ന്യായീകരണവുമല്ല. വസ്ത്രധാരണ രീതി പ്രതിക്ക് പ്രകോപനപരമായി എന്ന് കോടതിക്ക് അഭിപ്രായം ഉണ്ടെങ്കില്‍  അത്തരമൊരു പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് എങ്ങിനെയാണ്.

      ജാമ്യം നല്‍കുന്ന വേളയില്‍ തന്നെ കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ഉത്തരവ് നല്‍കുന്നത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ജാമ്യം നല്‍കിയത് നിയമപരമല്ല. എസ് സി /എസ്ടി അതിക്രമം തടയല്‍ നിയമ പ്രകാരവും ലൈംഗികാതിക്രമ ആരോപണങ്ങളുള്ള കേസുകളില്‍ ലാഘവ ബുദ്ധിയോടെ ജാമ്യം അനുവദിച്ച നടപടിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണം. ഹൈകോടതി ഇക്കാര്യം സ്വമേധയാ പരിശോധനക്ക് വിധേയമാക്കണമെന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top