24 April Wednesday

സിവികിന്റെ പീഡനങ്ങൾ : ആദ്യ ജാമ്യ ഉത്തരവിലും തെറ്റായ പരാമർശം;എസ് സി -എസ് ടി ആക്ട് നില നിൽക്കില്ലെന്ന് കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കോഴിക്കോട് >  സിവിക് ചന്ദ്രനെതിരായ ആദ്യപീഡന കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിനെതിരെ  വിമർശനം ഉയരുന്നു. തനിക്ക് ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആളാണ് സിവിക്കെന്നും അതിനാൽ   എസ് സി - എസ് ടി ആക്ട് നിലനിൽക്കില്ലെന്നുമാണ കോടതി പറഞ്ഞത്. താനിക്ക് ജാതിയില്ലെന്ന് തെളിയിക്കാനായി സിവിക് അന്ന് എസ്എസ്എൽസി ബുക്കും ഹാജരാക്കിയിരുന്നു. എന്നാൽ കോടതിയുടെ ഈ പരാമർശം പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്ന്  നിയമ വിദഗദ്ധർ പറയുന്നു.

രണ്ട് പീഡനകേസുകളാണ് സിവിക്കിനെതിരെയുള്ളത്.  അതിൽ ആദ്യത്തേത് എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയാണ്. അതിൽ  സിവികിന്  മുൻകൂർ ജാമ്യം അനുവദിച്ചപ്പോഴാണ് എസ് സി എസ് ടി ആക്ട് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞത്. അന്ന് സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.ഉപാധികളില്ലാതെയാണ് അന്ന് ജാമ്യം അനുവദിച്ചതും.

സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ്  രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് ഇന്നലെ മുൻകൂർ ജാമ്യം സെഷൻസ് കോടതി അനുവദിച്ചത്.ആ ഉത്തരവിലാണ്  ഇരയായ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന വിചിത്രമായ നിലപാട്  കോടതി പറഞ്ഞത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ഇതിൽ ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിചിത്രഉത്തരവ് ഇറക്കിയത്.  ഇത് വിവാദമായതോടെയാണ്   ആദ്യകേസിലെ ഉത്തരവിലെ തെറ്റും പുറത്തുവന്നത്. ആഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

സെഷൻസ് ജഡ്ജിയുടെ സ്തീവിരുദ്ധവും നിയമ ലംഘനവുമായ ഉത്തരവിലെ പരാമ‍ർശങ്ങൾക്കെതിരെ ഹെെക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ്  അതിജീവിതയുടെ  തീരുമാനം. കൂടാതെ  കേസിൽ അപ്പീൽ നൽകും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top