25 April Thursday
സിറ്റി ഗ്യാസ്‌

തലസ്ഥാനത്തും ആലപ്പുഴയിലും ഉടനെത്തും പൈപ്പ്‌ ലൈൻ ഗ്യാസ്‌ ; ഈ വർഷം 
45,000 കണക്‌ഷൻ

മിൽജിത്‌ രവീന്ദ്രൻUpdated: Thursday Oct 6, 2022


തിരുവനന്തപുരം
പാചകവാതകം പൈപ്പ്‌ ലൈൻവഴി വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതി തിരുവനന്തപുരത്തും ആലപ്പുഴയിലും യാഥാർഥ്യമാകുന്നു. പതിനാറോടെ രണ്ടു ജില്ലയിലും വീടുകളിൽ പൈപ്പ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌ (പിഎൻജി) എത്തും. ഈ സാമ്പത്തികവർഷം 45,000 വീട്ടിൽ കണക്‌ഷൻ നൽകും. കൊല്ലം ജില്ലയിൽ അടുത്തവർഷം എത്തും. വാഹനങ്ങളിൽ ഗ്യാസ്‌ നിറയ്‌ക്കാവുന്ന 32 പമ്പ്‌ ആരംഭിക്കും. വ്യാവസായിക ആവശ്യത്തിനും ഗ്യാസ്‌ എത്തിക്കും.

തിരുവനന്തപുരം ജില്ലയിൽ വെട്ടുകാട്, ശംഖുംമുഖം തുടങ്ങിയ തീരദേശ വാർഡുകളിലാണ് ആദ്യം കണക്‌ഷൻ നൽകുക. കൊച്ചുവേളി  പ്ലാന്റിന്റെ ജോലികൾ പൂർത്തിയായി. രണ്ടാംഘട്ടത്തിൽ ചാക്ക, പാൽക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്ഠേശ്വരം, കമലേശ്വരം, മുട്ടത്തറ വാർഡുകളിലും നൽകും. ആലപ്പുഴയിൽ ചേർത്തലയിലും വയലാറിലും കണക്‌ഷൻ നൽകും. ചേർത്തല പ്ലാന്റ്‌  പൂർത്തിയായി. രണ്ടു ജില്ലയിലും 90 കിലോ മീറ്ററിൽ പൈപ്പ്‌ ലൈൻ പൂർത്തിയായി.

വീടുകളിലെ പ്ലമ്പിങ്‌ ജോലി പൂർത്തിയായാൽ കമ്പനി ഉദ്യോഗസ്ഥർ ഉപയോഗക്രമം വിശദീകരിക്കും. വീടുകളിൽ സ്ഥാപിക്കുന്ന മീറ്റർ വഴി എത്ര അളവ് ഗ്യാസ് ഉപയോഗിച്ചെന്ന് അറിയാം. സംസ്ഥാന സർക്കാർ സഹകരണത്തോടെ സിംഗപ്പൂർ ആസ്ഥാനമായ അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റ‍ഡ് കമ്പനിക്കാണ് പദ്ധതിച്ചുമതല. കളമശേരി ഗെയിലിൽനിന്ന് ദ്രവീകൃതവാതകം പ്ലാന്റുകളിലെത്തിച്ച്‌ വാതകരൂപത്തിൽ മാറ്റി സംഭരിച്ചശേഷം പൈപ്പ് ലൈനുകളിലൂടെ വീടുകളിലേക്ക് എത്തിക്കും. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനം ലാഭിക്കാം. എൽപിജിയെ അപേക്ഷിച്ച് അപകടസാധ്യത കുറവാണ്‌. വൈദ്യുതനിരക്കുപോലെ മീറ്റർ അനുസരിച്ച് മാസാവസാനം തുക നൽകാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top