20 April Saturday

സഹകരണ മേഖലയെ കേന്ദ്ര നീക്കം ഭരണഘടനാവിരുദ്ധം : സിഐടിയു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


തിരുവനന്തപുരം
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു. സഹകരണ മേഖലയിലെ മുഴുവൻ ജീവനക്കാരും മറ്റു തൊഴിലാളികളും പങ്കെടുക്കും.

സഹകരണ മേഖലയെ കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ടുവരാനെടുത്ത തീരുമാനം സുപ്രീംകോടതി തടഞ്ഞിരുന്നു. ഈ വിധിയെ മാനിക്കാതെയാണ് റിസർവ്‌ ബാങ്കിന്റെ പുതിയ വിജ്ഞാപനം. ഭീഷണിക്ക്‌ സഹകരണ മേഖല വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ നിക്ഷേപകരെ ഭയപ്പെടുത്താനാണ്‌ പരസ്യത്തിലൂടെ റിസർവ് ബാങ്ക് ശ്രമിക്കുന്നത്‌.

മോദി സർക്കാരിന്റെ ചട്ടുകമായി റിസർവ് ബാങ്ക് പ്രവർത്തിക്കുന്നത് ലജ്ജാകരമാണ്. നിക്ഷേപകർക്ക് പൂർണ സംരക്ഷണം നൽകുന്ന സംവിധാനം സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖലയുടെ പ്രവർത്തനങ്ങളിൽ പൂർണമായി വിശ്വാസമർപ്പിച്ച നിക്ഷേപകരിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള റിസർവ് ബാങ്കിന്റെ കുപ്രചാരണങ്ങൾ തള്ളിക്കളയണം.

സംസ്ഥാന വിഷയങ്ങളിൽപ്പെട്ട സഹകരണ മേഖലയ്ക്കുമേൽ പിടിമുറുക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഭരണഘടനാ വിരുദ്ധമാണ്. കാർഷിക നിയമങ്ങൾ, തൊഴിൽ കോഡുകൾ എന്നിവയിലെല്ലാം സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കി കേന്ദ്രം നിയമം നിർമിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ഉജ്വല സമരത്തിനു മുമ്പിൽ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം നിർബന്ധിതമായി. സഹകരണ മേഖലയിലെ നടപടികളെയും സഹകാരികളും ജീവനക്കാരും തൊഴിലാളികളും ചേർന്ന് പരാജയപ്പെടുത്തുകതന്നെ ചെയ്യുമെന്നും ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top