17 April Wednesday

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക: കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ ഏപ്രിൽ 28ന്‌ മാർച്ച്‌

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023

കേന്ദ്ര പൊതുമേഖലാ തൊഴിലാളികളുടെ സംസ്ഥാന കൺവൻഷൻ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി
കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര പൊതുമേഖലാ കോ–-ഓർഡിനേഷൻ കമ്മിറ്റി (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ ഏപ്രിൽ 28ന്‌ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തും. മെയ് 10ന് തിരുവനന്തപുരം രാജ്ഭവനിലേക്കും മാർച്ച് നടത്തും. മാർച്ച് അവസാന വാരം ഫാക്ടറി അടിസ്ഥാനത്തിൽ ശ്രദ്ധക്ഷണിക്കൽ സദസ്സ് നടക്കും. ഹിൽ ഇന്ത്യ പൂട്ടാനുള്ള തീരുമാനം പിൻവലിച്ച് കേരള സർക്കാരിന് വിട്ടുകൊടുക്കുക എന്ന ആവശ്യം ഉന്നയിച്ച് ഏപ്രിൽ 10ന് കളമശേരി എച്ച്എംടി കവലയിൽ ഹിൽ ഇന്ത്യ സംരക്ഷണസദസ്സ്‌ സംഘടിപ്പിക്കും. കോ–--ഓർഡിനേഷൻ കമ്മിറ്റി കളമശേരിയിൽ സംഘടിപ്പിച്ച കേന്ദ്ര പൊതുമേഖലാ തൊഴിലാളികളുടെ സംസ്ഥാന കൺവൻഷനിലാണ്‌ തീരുമാനം.
കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിക്ഷേപം വർധിപ്പിക്കുക, അവ അടച്ചുപൂട്ടാനുള്ള  തീരുമാനം പിൻവലിക്കുക, കരാർവൽക്കരണവും നിശ്ചിതകാല നിയമനങ്ങളും അവസാനിപ്പിക്കുക, വിരമിച്ചവരുടെ പുനർനിയമനം നിര്‍ത്തുക, മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്‌കരണം അനുവദിക്കുക, കരാർത്തൊഴിലാളികൾക്ക് അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നൽകുക, പിഎഫ്‌ മിനിമം പെൻഷൻ 9000 രൂപയായി വർധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ പ്രക്ഷോഭം.
കളമശേരി എച്ച്എംടിയുടെ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതിന്‌ ഉന്നതോദ്യോഗസ്ഥരും തൊഴിലാളികളും പങ്കെടുക്കുന്ന ശിൽപ്പശാല സംഘടിപ്പിക്കും. പാലക്കാട് ഇൻസ്ട്രുമെന്റേഷൻസ്‌  ഏറ്റെടുക്കാനുള്ള കേരള സർക്കാർ തീരുമാനത്തെ അട്ടിമറിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ ഏപ്രിലിൽ പാലക്കാട് ശ്രദ്ധക്ഷണിക്കൽ സമ്മേളനം സംഘടിപ്പിക്കും.
നാഷണല്‍ ടെക്‌സ്‌റ്റൈൽസ് കോർപറേഷന്റെ കേരളത്തിലെ യൂണിറ്റുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്; മാസങ്ങളായി ശമ്പളവുമില്ല. പ്രശ്നപരിഹാരത്തിന് തൃശൂരിൽ തൊഴിലാളി ബഹുജന കൺവൻഷൻ സംഘടിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു. പിഎഫ്‌ അം‌ഗങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇപിഎഫ്‌ സമീപനം അവസാനിപ്പിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
പൊതുമേഖലാ കോ–-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനറായി കെ ചന്ദ്രൻപിള്ളയെയും കൺവീനറായി എം ജി അജിയെയും തെരഞ്ഞെടുത്തു. കെ എൻ ഗോപിനാഥ്, സി ഡി നന്ദകുമാർ, എസ് ബി രാജു, ബി ബാലഗോപാൽ, സി കെ മണിശങ്കർ, ജയകുമാർ, എം ആർ രാജൻ എന്നിവരാണ്‌ ജോയിന്റ്‌ കൺവീനർമാർ. എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കൺവൻഷൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സി ഡി നന്ദകുമാർ അധ്യക്ഷനായി. കെ എൻ ഗോപിനാഥ്, എം ജി അജി, പി ആർ മുരളീധരൻ, സി കെ മണിശങ്കർ, പി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top