28 March Thursday

അപവാദ പ്രചാരണങ്ങളെ ചെറുക്കും: 21 ന് സിഐടിയു പ്രതിരോധ കൂട്ടായ്‌മകൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിനെതിരെ ആർഎസ്‌എസ്‌ –--കോൺഗ്രസ്‌ -മാധ്യമ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയ്‌ക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ അണിനിരക്കാൻ തൊഴിലാളികളോട് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. ജൂൺ 21 ന് വൈകിട്ട്‌ സംസ്ഥാനമാകെ പ്രതിരോധ കൂട്ടായ്മകൾ സംഘടിപ്പിക്കും.  ജില്ലാ കേന്ദ്രങ്ങളിലും എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണ്‌ കൂട്ടായ്‌മകൾ നടക്കുക. കേന്ദ്രസർക്കാർ നടപ്പാക്കുന്ന നവ-ഉദാരവൽക്കരണ നയങ്ങളുടെ ഗുണഭോക്താക്കളായ കോർപറേറ്റുകളുടെ നേതൃത്വത്തിലുള്ള മാധ്യമങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യംവച്ച്‌ നടത്തുന്ന വൃത്തികെട്ട നുണപ്രചാരണങ്ങളെ സംസ്ഥാനത്തെ തൊഴിലാളികൾ ചെറുത്ത് തോൽപ്പിക്കും. 

കേന്ദ്രസർക്കാരിന് കീഴിലുള്ള സകല അന്വേഷണ ഏജൻസികളും അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും അനധികൃത സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയോ, മന്ത്രിമാർക്കെതിരെയോ യാതൊരു തെളിവും ലഭിച്ചില്ല. ഒരു വർഷത്തിനുശേഷം അതേ സംഭവത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണ്. കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ചു പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ്  ശമ്പളം നൽകി പോറ്റുന്ന കളങ്കിത വ്യക്തികളുടെ ജൽപ്പനങ്ങൾക്ക് കേരള ജനത പുല്ല് വില കൽപ്പിക്കുന്നില്ല. 

സംസ്ഥാനമാകെ കലാപഭൂമിയാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തൊഴിലാളികൾ ഉൾപ്പെടെയുള്ള അധ്വാനിക്കുന്ന ജനതയുടെ ഉത്തമ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണം. തിരുവനന്തപുരം ഇ ബാലാനന്ദൻ സ്മാരക മന്ദിരത്തിൽ ചേർന്ന സി ഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം എംപി  ഉൾപ്പെടെയുള്ള ഭാരവാഹികൾ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top