20 April Saturday

ഐക്യം ശക്തിപ്പെടുത്താൻ ഒരേ മനസ്സോടെ

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023


രഞ്ജന നിരുല- രഘുനാഥ് സിങ് മഞ്ച് (ബംഗളൂരു)  
കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയങ്ങൾ സൃഷ്ടിക്കുന്ന ജീവിതദുരിതം ഒരുവശത്ത്. അതിനെതിരെ ജനങ്ങളുടെ യോജിച്ച പോരാട്ടത്തെ എല്ലാത്തരത്തിലും അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയതയുടെ വിദ്വേഷ രാഷ്ട്രീയം മറുവശത്ത്‌. ഈ രണ്ടു പ്രതിസന്ധികൾക്കുമിടയിൽ ചേരുന്ന സിഐടിയു അഖിലേന്ത്യ സമ്മേളനം ട്രേഡ് യൂണിയൻ ഐക്യം കൂടുതൽ ശക്തിപ്പെടുത്തും. രാജ്യത്തെ എല്ലാ പ്രധാന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും നേതാക്കൾ യോജിപ്പിന്റെ സമരമുഖം ശക്തിപ്പെടുത്താൻ  സമ്മേളനവേദിയിലെത്തി.

 

ട്രേഡ് യൂണിയനുകളുടെ കൂട്ടായ മുന്നേറ്റത്തിന് സിഐടിയു സമ്മേളനം വലിയ കരുത്തുപകരുമെന്ന് ഐഎൻടിയുസി ദേശീയ വൈസ് പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. 1990കളിൽ രാജ്യത്തു നടപ്പാക്കിയ നവലിബറൽ നയം അപ്രതീക്ഷിതമായ പല തിരിച്ചടികളും ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ഐഎൻടിയുസി വിലയിരുത്തുന്നത്. അത്തരം നയങ്ങൾ ഇപ്പോൾ തീവ്രമായി തുടരുകയാണ്. സഹോദരബന്ധമാണ് സിഐടിയു നേതൃത്വവുമായി ഉള്ളത്. സിഐടിയു നേതൃത്വം ഏറെ പ്രതീക്ഷ പകരുന്നതാണെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു

രാജ്യത്തിന്റെ സ്വാതന്ത്ര്യവും സൗഹാർദവും വലിയ ഭീഷണി നേരിടുമ്പോൾ തൊഴിലാളികളുടെ കൂട്ടായ മുന്നേറ്റത്തിലൂടെ മാത്രമേ പ്രതിരോധം സൃഷ്ടിക്കാൻ കഴിയൂ എന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. നാഗനാഥ് (ജനറൽ സെക്രട്ടറി, എച്ച്എംഎസ് കർണാടക), കെ സോമശേഖർ (പ്രസിഡന്റ്, എഐയുടിയുസി), ബി രാജേന്ദ്രൻ നായർ (ദേശീയ സെക്രട്ടറി, ടിയുസിസി), അശോക് ഘോഷ് (ജനറൽ സെക്രട്ടറി, യുടിയുസി), സോണിയ ജോർജ് (സേവ), ക്ലിഫ്റ്റൺ, (എഐസിസിടിയു), വി വേലുസ്വാമി (എൽപിഎഫ്) എന്നിവരും അഭിവാദ്യംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top