20 April Saturday

കെട്ടിപ്പൊങ്ങില്ല കെട്ടിടം; സിമന്റിന്റേയും കമ്പിയുടെയും വില കുതിക്കുന്നു

സ്വന്തം ലേഖകൻUpdated: Wednesday Oct 13, 2021

കോട്ടയം > സിമന്റിന്റേയും കമ്പിയുടെയും വില കുത്തനെ കൂടുന്നതിനാൽ നിർമാണമേഖല പ്രതിസന്ധിയിലേക്ക്‌.  കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഇല്ലാത്തതിനാൽ സ്വകാര്യകുത്തകകൾ തോന്നുംപടി വില ഉയർത്തുകയാണ്‌. നികുതിവർധന, ഇന്ധനവിലക്കയറ്റം തുടങ്ങിയ കാരണങ്ങളിലൂടെയാണ്‌ അനിയന്ത്രിതമായി വില ഉയർത്തുന്നത്‌. സ്ഥിതിതുടർന്നാൽ സാധാരണക്കാർക്ക്‌ വീടുപണി സ്വപ്‌നമായി അവശേഷിക്കും. നിർമാണം തുടങ്ങിയവർ പൂർത്തിയാക്കാനും ബുദ്ധിമുട്ടുന്നു.

സിമന്റ്‌ വിലയിൽ ഏതാനും ദിവസത്തിനിടെ 125 രൂപയുടെ വർധനയാണ്‌ ഒറ്റയടിക്കുണ്ടായത്‌. കമ്പിക്കാകട്ടെ കിലോയ്ക്ക്‌ 25 രൂപയോളം വർധിച്ചു. ടിഎംടി കമ്പിക്ക്‌ 8.50 രൂപയും ജിഎസ്‌ടിയുമായിരുന്നു കഴിഞ്ഞവർഷം വില. ഇപ്പോൾ 70 രൂപയും ജിഎസ്‌ടിയും കൊടുക്കണം. സിമന്റ്‌വില 360 രൂപയിൽനിന്ന്‌ 525 രൂപയായി. മറ്റ്‌ നിർമാണ സാമഗ്രികൾക്കും അമിതവിലയുണ്ട്‌. 53.50 രൂപയിൽനിന്ന്‌ 80 രൂപയാണ്‌ പൈപ്പ്‌ വില. ആംഗിൾസ്‌ 40ൽനിന്ന്‌ 58 രൂപയും   ഷീറ്റ്‌ 42.50 രൂപയിൽനിന്ന്‌ 71 രൂപയിലേക്കും കുതിച്ചു. ഇലക്‌ട്രിക്കൽ, പ്ലബ്ലിങ്‌ സാമഗ്രികൾക്കും തോന്നുംപടിയാണ്‌ വിലവർധന.

കൽക്കരിക്ഷാമം സ്‌റ്റീൽ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന്‌ കാരണമായി.  ഇന്ധനക്കൊള്ള ചരക്കുഗതാഗതത്തെ ബാധിച്ചു. ഡീസൽവില നൂറുകടന്നതോടെ നിർമാണസാമഗ്രികൾക്ക്‌ ഇനിയും വിലകൂടുമെന്നാണ്‌ ആശങ്ക. രാജ്യത്തെ ഏറ്റവും ഉയർന്ന ജിഎസ്‌ടിയാണ്‌ സിമന്റിന്‌. 28 ശതമാനം.   വിലക്കയറ്റം പിടിച്ചുനിർത്താൻ നികുതി കുറയ്‌ക്കണമെന്നും ആവശ്യമുയരുന്നുണ്ട്‌.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top