27 April Saturday

ഭരണഘടനയുടെ അന്തഃസത്ത തകർക്കാൻ ശ്രമം; ഒത്തൊരുമിച്ച്‌ പോരാടാം: റിപ്പബ്ലിക്‌ ദിനാശംസകൾ നേർന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

തിരുവനന്തപുരം >  മുഖ്യമന്ത്രി പിണാറായി വിജയൻ റിപ്പബ്ലിക്‌ ദിനാശംസകൾ നേർന്നു. ഭരണഘടനയുടെ  അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്‌ത്തി വളരുന്ന വർഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെഡറലിസത്തെ ദുർബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ നോക്കുകയാണ്. മതേതരത്വത്തിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകർത്ത്, അതിനെ ഭൂരിപക്ഷമതത്തിൽ ചേർത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിന്റെ അർത്ഥം തന്നെ പതുക്കെ ചോർത്തുകയാണ്. ഈ വിപത്തുകൾക്കെതിരെ ഒത്തൊരുമിച്ചുള്ള  പോരാട്ടം ജനാധിപത്യവിശ്വാസികളിൽ നിന്നും കരുത്തോടെ ഉയർന്നു വരേണ്ടതുണ്ട്. ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി റിപ്പബ്ലിക്‌ ദിനാശംസകളിൽ പറഞ്ഞു.  

മുഖ്യമന്ത്രിയുടെ റിപ്പബ്ലിക്‌ ദിനാശംസയുടെ പൂർണരൂപം

ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം തികയുകയാണ്.  ഡോ. ബി.ആർ അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ: ‘ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിന്റെ ചാലകശക്തിയാണ്. അതിൽ തുടിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ആത്മാവാണ്’. മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്കാരിക വൈവിധ്യമുണ്ടായിട്ടും  ഇന്ത്യയെന്ന ആശയത്തെ മൂർത്തവൽക്കരിക്കുന്നത്  ഭരണഘടനയാണ്.

അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോൽ കോർത്തിട്ട പട്ടുനൂലാണ് ഭരണഘടന. അതിന്റെ  അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്ത്തി വളരുന്ന വർഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്. ഫെഡറലിസത്തെ ദുർബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ നോക്കുകയാണ്. മതേതരത്വത്തിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകർത്ത്, അതിനെ ഭൂരിപക്ഷമതത്തിൽ ചേർത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിന്റെ അർത്ഥം തന്നെ പതുക്കെ ചോർത്തുകയാണ്.

ഈ വിപത്തുകൾക്കെതിരെ ഒത്തൊരുമിച്ചുള്ള  പോരാട്ടം ജനാധിപത്യവിശ്വാസികളിൽ നിന്നും കരുത്തോടെ ഉയർന്നു വരേണ്ടതുണ്ട്. ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ളിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.  

കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതങ്ങളിൽ നിന്നും മുക്തി നേടി നമ്മുടെ സംസ്ഥാനം  പുരോഗതിയുടെ പാതയിൽ കൂടുതൽ വേഗത്തിൽ കുതിക്കേണ്ട ഈ ഘട്ടത്തിൽ അത്തരത്തിലുള്ള ഐക്യമനോഭാവം കൂടുതൽ പ്രസക്തമാവുകയാണ്. നാടിൻ്റെ പുരോഗതിക്കായി കൈകോർത്തു നിൽക്കേണ്ട സമയമാണിത്. ആ ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും  തുരങ്കം വയ്ക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നിൽക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ട്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും വ്യാജ പ്രചാരകർക്കും സങ്കുചിത താൽപര്യക്കാർക്കും അർഹിക്കുന്ന മറുപടി നൽകാനുമുള്ള ആർജവം  കേരളത്തിലെ ജനങ്ങൾക്കുണ്ട്.

വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്.  അതിനാൽ സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് അന്ത്യം കുറിക്കാൻ പറ്റാത്ത കാലത്തോളം രാജ്യത്തിന്റെ ഭരണഘടന അതിന്റെ പൂർണ്ണ അർഥത്തിൽ പ്രായോഗികവൽക്കരിക്കപ്പെടുകയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും കളിയാടുന്ന ഇന്ത്യയ്ക്കായി കൈകോർത്തു മുന്നേറാം. ഏവർക്കും ഹൃദയപൂർവ്വം റിപ്പബ്ളിക് ദിന ആശംസകൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top