20 April Saturday

സംരംഭക മഹാസംഗമം, എഴുത്തച്ഛൻ പുരസ്‌‌കാര സമർപ്പണം; മുഖ്യമന്ത്രി ശനിയാഴ്ച്ച കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

കൊച്ചി> മുഖ്യമന്ത്രി പിണറായി വിജയൻ  ശനിയാഴ്ച്ച കൊച്ചിയിൽ എത്തും. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതി ലക്ഷ്യം ഭേദിച്ചതിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന സംരംഭക മഹാസംഗമത്തിന്റെ ഉദ്ഘാടനത്തിനും സാഹിത്യകാരൻ സേതുവിന് എഴുത്തച്ഛൻ പുരസ്‌‌കാര സമർപ്പണം നടത്താനുമായാണ് മുഖ്യമന്ത്രി എത്തുന്നത്.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമമാണ് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ശനിയാഴ്ച്ച11.30ന് കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം മൈതാനിയിൽ നടത്തുന്നത്. പതിനായിരത്തോളം സംരംഭകർ പങ്കെടുക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ സ്‌‌കെയിൽ അപ്പ് പദ്ധതിയുടെ സർവേ, ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൈപ്പുസ്‌‌‌തകം പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി കെ രാജനും കുടുംബശ്രീയുടെ ഓക്‌‌സിലറി ഗ്രൂപ്പുകളുടെ ശക്തിപ്പെടുത്തൽ പരിപാടി പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിർവഹിക്കും. എം പി, മേയർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

മഹാസംഗമത്തിൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി നൂറോളം സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. ബാങ്കുകൾ, വിവിധ സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവരുടെ സ്‌റ്റാളുകളിൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും. സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ വിപുലീകരണത്തിനാവശ്യമായ സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ ശ്രമിക്കും. സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,22,080 സംരംഭങ്ങളും 7462.92 കോടി രൂപയുടെ നിക്ഷേപവും 2,63,385 തൊഴിലും ഉണ്ടായി.

എഴുത്തച്ഛൻ പുരസ്‌‌കാര സമർപ്പണം

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം  ശനിയാഴ്ച്ച ഉച്ചയ്‌ക്ക് 3.30ന് എറണാകുളം ടൗൺഹാളിൽ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സാംസ്‌‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി പി ജോയ് പ്രശസ്തിപത്രം വായിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എംഎൽഎ, സാംസ്‌കാരികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മലയാള ഭാഷയ്‌ക്ക് നൽകിവരുന്ന സമഗ്ര സാഹിത്യസംഭാവനകളെ വിലയിരുത്തിയാണ് സേതുവിന് എഴുത്തച്ഛൻ പുരസ്‌ക്കാരം സമർപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top