19 April Friday

ബൈക്കഭ്യാസത്തിനിടെ പെൺകുട്ടി റോഡിൽ വീണ സംഭവം; 3 പേർക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

നാട്ടുകാർ അമലിനെ മർദ്ദിക്കുന്നു, അമൽ ആന്റോയെ മർദ്ദിക്കുന്നു

തൃശൂർ > സഹപാഠി ബൈക്കിൽ അഭ്യാസത്തിനിടെ പിന്നിലിരുന്ന പെൺകുട്ടി റോഡിൽ തലയടിച്ച്‌ വീണ സംഭവത്തിൽ  ഒല്ലൂർ പൊലീസ്‌ മൂന്നുപേർക്കെതിരെ കേസെടുത്തു. അപകടത്തെത്തുടർന്ന്‌ പ്രദേശത്തുണ്ടായ സംഘർഷംകൂടി കണക്കിലെടുത്താണ്‌ ബൈക്ക്‌ ഓടിച്ച ചേതന ഇൻസ്‌റ്റിറ്റ്യൂട്ട്‌ വിദ്യാർഥി അമൽ, പ്രദേശത്ത്‌ കട നടത്തുന്ന ആന്റോ, കൊടകര സ്വദേശി ഡേവിസ്‌ എന്നിവർക്കെതിരെയാണ്‌ കേസെടുത്തത്‌.
 
കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയും പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. സഹവിദ്യാർഥിനിയുമായി ബൈക്കിൽ പോകവേ ചേതനയ്‌ക്കു സമീപത്തുവച്ച്‌ ബൈക്ക്‌ വീൽചെയ്‌തതിനെ (മുൻചക്രം ഉയർത്തൽ) തുടർന്ന്‌ പെൺകുട്ടി റോഡിൽ തലയടിച്ചു വീണു. സംഭവം കണ്ടുനിന്നവർ പെൺകുട്ടിയെ റോഡരികിലേക്ക്‌ മാറ്റി. തുടർന്നാണ്‌ സംഘർഷമുണ്ടായത്‌. അമിതവേഗത്തിൽ അഭ്യാസം നടത്തി അപകടംവരുത്തിയത്‌ ചോദ്യംചെയ്‌ത ആന്റോയെയും മറ്റുള്ളരെയും അമൽ ആദ്യം മർദിക്കുകയായിരുന്നുവെന്ന്‌ സമീപത്തെ സിസിടിവിയിൽനിന്ന്‌ വ്യക്തമായതായി പൊലീസ്‌ പറഞ്ഞു. ആന്റോയെ മർദിക്കുന്നതുകണ്ട്‌ പ്രകോപിതരായവർ ചേർന്ന്‌ അമലിനെ തിരിച്ചും മർദിച്ചു. ഇതിനിടെ, അമലിനെ മർദിക്കുന്ന ദൃശ്യം മാത്രം പുറത്തുവിട്ട്‌, മർദനം സദാചാര ഗുണ്ടായിസമെന്നതരത്തിൽ പ്രചരിപ്പിക്കുകയും ചെയ്‌തു.
 
പൊലീസ്‌ സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ്‌ യാഥാർഥ്യം പുറത്തായത്‌. പരിക്കേറ്റ അമൽ തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന്‌ ഡിസ്‌ച്ചാർജ്‌ ചെയ്‌തശേഷം ഒല്ലൂർ പൊലീസ്‌ സ്‌റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു. സംഭവത്തിൽ പ്രഥമിക അന്വേഷണം നടത്തിയ പൊലീസ്‌ ഇരു കൂട്ടർക്കുമെതിരെ കേസെടുക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top