29 March Friday

ഇനി ഉരുക്കിന്റെ കരുത്തുള്ള മണൽക്കട്ട ; ഓട്ടോകാസ്‌റ്റിൽ നിർമാണോദ്‌ഘാടനം ഇന്ന്‌

എം കെ പത്മകുമാർUpdated: Monday May 9, 2022

ഓട്ടോകാസ്‌റ്റിൽ സ്ഥാപിച്ച ഹൈഡ്രോളിക്‌ ഇഷ്ടിക നിർമാണയന്ത്രം

ആലപ്പുഴ > ഉരുക്കുനിർമാണ ശാലയായ ചേർത്തല ഓട്ടോകാസ്‌റ്റിൽനിന്ന്‌ ഇനി മണലിഷ്‌ടികയും. സാധാരണ ഇഷ്‌ടികകളേക്കാൾ കരുത്തും ഈടുമുള്ള ഇഷ്‌ടിക അവശിഷ്‌ട മണലിൽനിന്നാണ്‌ നിർമിക്കുക. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ പദ്ധതി തിങ്കൾ വൈകിട്ട്‌ 5.30ന്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്യും.

പാപ്പനംകോട് ആസ്ഥാനമായ കേന്ദ്രസർക്കാർ സ്ഥാപനം കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്ട്രിയൽ റിസർച്ച്‌, നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുമായി സഹകരിച്ചാണ്‌ ഇഷ്‌ടിക നിർമാണം. സംസ്ഥാന സർക്കാരിന്റെ 56 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ പദ്ധതി. കഴിഞ്ഞദിവസം പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച ഇഷ്‌ടികകൾക്ക്‌ സിഎസ്ആർഐ അംഗീകാരം നൽകി.

ഉരുക്ക്‌ നിർമാണത്തിന്‌ മോൾഡുകൾ മണലിലാണ്‌ തയ്യാറാക്കുന്നത്‌. ഉൽപ്പാദനത്തിനുശേഷം ഈ മണൽ അവശിഷ്‌ടമായി പുറന്തള്ളാറാണ്‌ പതിവ്‌. മഴക്കാലത്ത്‌ ഇവ മണ്ണിലലിഞ്ഞ്‌ ജലസ്രോതസുകളിലെ വെള്ളത്തിന്‌ നിറംമാറ്റം പതിവാണ്‌. ഇഷ്‌ടിക നിർമാണത്തിലൂടെ ഈ പ്രശ്നത്തിന്‌ പരിഹാരമാകും. ഇതിലൂടെ പരിസ്ഥിതിസൗഹൃദ വ്യവസായത്തിലേക്ക്‌ കാൽവയ്‌ക്കുകയാണ് വ്യവസായവകുപ്പിന്റെ കീഴിലുള്ള ഓട്ടോകാസ്‌റ്റ്‌.

നിലവിൽ അഞ്ച്‌ ലക്ഷം ഇഷ്‌ടിക നിർമിക്കാനുള്ള അവശിഷ്‌ട മണൽ ഓട്ടോകാസ്‌റ്റിലുണ്ട്‌. മാസം 500 ടൺ മണലാണ്‌ ഇത്തരത്തിൽ ഉണ്ടാകുന്നത്‌. തുടക്കത്തിൽ ദിവസം 1000 ഇഷ്‌ടിക നിർമിക്കും. പിന്നീട്‌ നാലായിരമാക്കും. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്‌ക്കാകും വിൽപ്പന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top