26 April Friday

ചെല്ലാനം പഴയ ചെല്ലാനമല്ല; വിനോദസഞ്ചാരികൾക്കായി ഒരുങ്ങുന്നത്‌ മെഗാ വാക്ക്‌ വേ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കൊച്ചി > സങ്കടപ്പെടുന്ന നാടെന്ന മുഖച്ഛായ മാറ്റിക്കൊണ്ട് വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുകയാണ് ചെല്ലാനമെന്ന്‌ മന്ത്രി പി രാജീവ്‌. 344 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ടെട്രാപോഡ് കടല്‍ഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി ഒരുക്കുന്ന മെഗാ വാക്ക് വേയാണ് വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന വിധത്തിൽ തയ്യാറാക്കുന്നത്.

കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ടെട്രാപോഡ് കടല്‍ത്തീര നടപ്പാത മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രദേശവാസികൾക്ക് ഒഴിവുസമയം ചെലവഴിക്കാനും കായികപ്രേമികളായ ചെറുപ്പക്കാര്‍ക്ക് വ്യായാമം ചെയ്യുന്നതിനും ഏറെ സൗകര്യപ്രദമായ ഇടമാക്കിയാണ് മെഗാ വാക്ക് വേ ഒരുക്കുന്നത്. ചെല്ലാനം തീരദേശത്ത് 17 കലോമീറ്റര്‍ ദൂരം പദ്ധതിയിലുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കടല്‍ഭിത്തിക്ക് മുകളിലായി 7.3 കിലോമീറ്റര്‍ നീളത്തിലാണ് നടപ്പാത പണികഴിപ്പിച്ചിട്ടുള്ളത്.

ചെല്ലാനം സീ വാക്ക് വേ ഉടന്‍തന്നെ നാടിന് സമര്‍പ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മ്മാണം പുതിയ വാക്ക് വേയ്ക്ക് സമീപം പുരോഗമിക്കുന്നുണ്ടെന്നതും കൊച്ചി തീരദേശ ടൂറിസത്തിന് സഹായകമാകും - മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top