08 May Wednesday

'ഇന്ത്യന്‍ സമ്പദ്ഘടന പൂര്‍ണ്ണമായും കോവിഡ് കെടുതികളില്‍ നിന്ന് പുറത്തുവന്നോ ഇല്ലയോ എന്നതാണ് പ്രസക്തമായ ചോദ്യം': ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

'മൊത്തം ജിഡിപി എടുത്താലും 2019-20-ലെ സ്ഥിരവിലയിലുള്ള ജിഡിപി 145 ലക്ഷം കോടി രൂപയാണ്. 2020-21-ല്‍ അത് -6.6 ശതമാനം കുറഞ്ഞ് 136 ലക്ഷം കോടി രൂപയായി. 2021-22-ല്‍ 8.7 ശതമാനം ഉയര്‍ന്ന് 147 ലക്ഷം കോടി രൂപയായി. ശതമാന കണക്കില്‍ വരുമാനവര്‍ദ്ധന വളരെ ഉയര്‍ന്നതാണെങ്കിലും 2019-20-നെ അപേക്ഷിച്ച് 1.38 ശതമാനം മാത്രമാണ്. ഒരുവര്‍ഷം 0.69 ശതമാനം വര്‍ദ്ധന. ഇതിനെയാണോ പൂര്‍ണ്ണമായ തിരിച്ചുവരവ് എന്നു വിശേഷിപ്പിക്കുന്നത്?' തോമസ് ഐസക്ക് എഴുതുന്നു


ഫേസ്‌ബുക്ക് കുറിപ്പ്



സാമ്പത്തിക സര്‍വ്വേ 2022-23-ന്റെ ഏറ്റവും നിര്‍ണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. ''ഇന്ത്യന്‍ സമ്പദ്ഘടന കോവിഡ് പകര്‍ച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങള്‍ക്കുമുമ്പ് ധനകാര്യ വര്‍ഷം 2022-ല്‍ പൂര്‍ണ്ണ തിരിച്ചുവരവ് നടത്തി. അതുവഴി ധനകാര്യ വര്‍ഷം 2023-ല്‍ പകര്‍ച്ചവ്യാധിക്കു മുമ്പുള്ള വളര്‍ച്ചാപാതയിലേക്കു തിരിച്ചുവരാനുള്ള നിലയുറപ്പിച്ചിരിക്കുന്നു.'' തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീര്‍പ്പിക്കുകയുമാണ് ഇക്കണോമിക് സര്‍വ്വേ ചെയ്യുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടന പൂര്‍ണ്ണമായും കോവിഡ് കെടുതികളില്‍ നിന്ന് 2021-22-ല്‍ പുറത്തുവന്നോ ഇല്ലയോ എന്നതാണ് പ്രസക്തമായ ചോദ്യം.

മൊത്തം ജിഡിപി എടുത്താലും 2019-20-ലെ സ്ഥിരവിലയിലുള്ള ജിഡിപി 145 ലക്ഷം കോടി രൂപയാണ്. 2020-21-ല്‍ അത് -6.6 ശതമാനം കുറഞ്ഞ് 136 ലക്ഷം കോടി രൂപയായി. 2021-22-ല്‍ 8.7 ശതമാനം ഉയര്‍ന്ന് 147 ലക്ഷം കോടി രൂപയായി. ശതമാന കണക്കില്‍ വരുമാനവര്‍ദ്ധന വളരെ ഉയര്‍ന്നതാണെങ്കിലും 2019-20-നെ അപേക്ഷിച്ച് 1.38 ശതമാനം മാത്രമാണ്. ഒരുവര്‍ഷം 0.69 ശതമാനം വര്‍ദ്ധന. ഇതിനെയാണോ പൂര്‍ണ്ണമായ തിരിച്ചുവരവ് എന്നു വിശേഷിപ്പിക്കുന്നത്? 2022-23-ലെ 7 ശതമാന വളര്‍ച്ചകൂടി കണക്കിലെടുത്താലും കഴിഞ്ഞ നാല് വര്‍ഷത്തെ ശരാശരി വളര്‍ച്ച കേവലം 3.19 ശതമാനം മാത്രമാണ്. ഇതാണ് യാഥാര്‍ത്ഥ്യം.

പ്രതിശീര്‍ഷ ജിഡിപി എടുത്താലോ? 2021-22-ലെ പ്രതിശീര്‍ഷ ജിഡിപി എടുത്താല്‍ 2019-20നേക്കാള്‍ താഴ്ന്നതാണ്. വിതരണത്തിലെ അസമത്വമെല്ലാം മാറ്റിവച്ചാല്‍പ്പോലും ശരാശരി വരുമാനം എടുത്താല്‍ ഇന്ത്യക്കാരന്‍ കോവിഡുകാലത്തിനു മുമ്പുള്ളതിനേക്കാള്‍ താഴ്ന്ന വരുമാനത്തിലാണ് 2021-22-ല്‍ ജീവിച്ചത്. പിന്നെ എങ്ങനെയാണ് ആ വര്‍ഷം കോവിഡിന്റെ കെടുതിയില്‍ നിന്ന് പുറത്തുകടന്നൂവെന്ന് അവകാശപ്പെടാനാവുക?

വളര്‍ച്ചയുടെ അടിസ്ഥാനസ്രോതസ് മൂലധന സ്വരൂപണമാണ്. ഒരുഘട്ടത്തില്‍ ഇന്ത്യയിലെ മൊത്തം മൂലധനനിക്ഷേപം ജിഡിപിയുടെ 40 ശതമാനം വരെ ഉയര്‍ന്നതാണ്. അത് 2011 മുതല്‍ താഴേക്ക് ഇടിഞ്ഞ് 32-33 ശതമാനത്തില്‍ എത്തിച്ചേര്‍ന്നു. കോവിഡ് കാലത്ത് 27 ശതമാനമായി താഴ്ന്നു. 2021-22-ല്‍ 30.7 ശതമാനമായി ഉയര്‍ന്നു. 2022-23-ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ന്നുവെന്നു വീമ്പിളക്കുന്ന സാമ്പത്തിക സര്‍വ്വേ മൊത്തം മൂലധനനിക്ഷേപത്തിന് എന്ത് സംഭവിക്കുന്നൂവെന്ന കാര്യത്തില്‍ നിശബ്ദമാണ്.

ഏറ്റവും തമാശ തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിശകലനമാണ്. ഇന്ത്യാ സര്‍ക്കാരിന്റെ സര്‍വ്വേ പ്രകാരം നഗര തൊഴിലില്ലായ്മയില്‍ ചെറിയ കുറവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-23-ല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഗ്രാമീണ തൊഴിലില്ലായ്മ വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്റെ കണക്കോ ഗ്രാഫോ ഇല്ല. തൊഴിലുള്ളവരുടെ യഥാര്‍ഥ കൂലിയില്‍ വര്‍ദ്ധനയേയില്ല. ഇത് ഗ്രാമീണമേഖലയിലെ രൂക്ഷമായ ജനങ്ങളുടെ ജീവിത തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിന് എന്തെങ്കിലും പരിഹാരം നാളത്തെ ബജറ്റ് മുന്നോട്ടുവയ്ക്കുമോയെന്നു കാത്തിരുന്നു കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top