26 April Friday

കിഫ‌്ബി : വാങ്ങിയത‌് കനേഡിയൻ സർക്കാർ കമ്പനി; മസാല ബോണ്ട‌ിന‌് പലിശ കുറവ‌്

സ്വന്തം ലേഖകൻUpdated: Sunday Apr 7, 2019



തിരുവനന്തപുരം
കിഫ‌്ബിയുടെ ധനസമാഹരണ മാർഗങ്ങളിലൊന്നായ മസാല ബോണ്ട‌ിൽ നിക്ഷേപം നടത്തിയ കനേഡിയൻ കമ്പനി സിഡിപിക്യു ക്യാനഡ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്ന‌് കിഫ‌്ബി ചീഫ‌് എക‌്സിക്യൂട്ടീവ‌് ഓഫീസർ ഡോ. കെ എം എബ്രഹാം അറിയിച്ചു. നിക്ഷേപത്തിന‌് കുറഞ്ഞ പലിശയാണ‌്  കിഫ‌്ബി നൽകുന്നത‌്.

സിഡിപിക്യു 1965ൽ രൂപീകൃതമായ പെൻഷൻ ഫണ്ട് മാനേജ്മെന്റ‌് കമ്പനിയാണ്. കനേഡിയൻ പ്രവിശ്യയായ ക്യുബക് നാഷണൽ അസംബ്ലി പാസാക്കിയ നിയമപ്രകാരം  സ്ഥാപിച്ച  സർക്കാർ സ്ഥാപനമാണ‌്. 75 രാജ്യങ്ങളിലായി 22,000 കോടി അമേരിക്കൻ ഡോളർ (15.4 ലക്ഷം കോടി രൂപ) നിക്ഷേപമുള്ള കമ്പനിയാണിത്.  ഇന്ത്യയിൽ ഈ കമ്പനിക്ക് 31,500 കോടിരൂപയുടെ നിക്ഷേപമുണ്ട്. ഇന്ത്യ സർക്കാരിന്റെ നാഷണൽ ഇൻഫ്രാസ്ട്രക‌്ചർ ഇൻവെസ്റ്റ്മെന്റ‌് ഫണ്ട് ബോർഡ് (എൻഐഐഎഫ‌്ബി) ഈ കമ്പനിയുമായി വിവിധ പ്രോജക്ടുകളിൽ സഹകരിക്കുന്നു.   ഇന്ത്യൻ സർക്കാരിന്റെ സെക്യൂരിറ്റികളിൽ സിഡിപിക്യുവിന് 130 ദശലക്ഷം ഡോളറിന്റെ നിക്ഷേപമുണ്ട്.

മസാല ബോണ്ട‌് ഇറക്കാൻ  റിസർവ‌് ബാങ്കിൽനിന്ന‌് അനുമതിനേടിയ ഏക സംസ്ഥാന സർക്കാർ സ്ഥാപനമാണ‌് കിഫ‌്ബി. ബി ബി ക്രെഡിറ്റ‌് റേറ്റിങ്ങുള്ള സ്ഥാപനം അന്താരാഷ്ട്ര മാർക്കറ്റിൽ മസാല ബോണ്ട‌് ഇറക്കുന്നത‌് ആദ്യമായാണ‌്. കേന്ദ്ര സർക്കാർ റേറ്റിങ‌് ബി ബി ബി ആണ‌്. എ പ്ലസ‌് എന്ന ഏറ്റവും ഉയർന്ന റേറ്റിങ്ങുള്ള ഒരു സ്ഥാപനത്തിന‌് മസാല ബോണ്ടിലൂടെ സമാഹരിക്കാനാകുന്ന ഫണ്ടിന‌് കുറഞ്ഞത‌് 9.87 ശതമാനം പലിശ വാഗ‌്ദാനം ചെയ്യേണ്ടിവരുന്നു.

എന്നാൽ, കിഫ‌്ബി മസാല ബോണ്ട‌് ഇറക്കിയത‌് 9.723 ശതമാനം പലിശ നിരക്കിലാണ‌്. ആന്ധ്രപ്രദേശ‌് സംസ്ഥാന സർക്കാർ സ്ഥാപനമായ  ക്യാപ്പിറ്റൽ റിജ്യൺ ഡെവലപ‌്മെന്റ‌് അതോറിറ്റി ആഭ്യന്തര വിപണയിൽനിന്ന‌് സമാഹരിച്ച നിക്ഷേപത്തിന‌് 10.32 ശതമാനമാണ‌് പലിശ. ഇതിന‌് മൂന്നു മാസത്തിലൊരിക്കൽ പലിശ നൽകണം. സെൻട്രൽ ബാങ്ക‌്–-10.8 ശതമാനം, ഇന്ത്യൻ ഓവർസീസ‌് ബാങ്ക‌്–-11.7 ശതമാനം, സൗത്ത‌് ഇന്ത്യൻ ബാങ്ക‌്–-11.75 ശതമാനം എന്നീ പലിശ നിരക്കിലും.
 കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സമാനരീതിയിലുള്ള ഏത‌് ധനസ്ഥാപനവും സമാഹരിച്ച നിക്ഷേപത്തിന‌് അനുവദിച്ച പലിശ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കാണ‌് മസാല ബോണ്ടിൽ കിഫ‌്ബി വാഗ‌്ദാനം ചെയ‌്തിട്ടുള്ളതെന്നും ഡോ. കെ എം എബ്രഹാം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top