26 April Friday

പൊലീസ്‌ സ്‌റ്റേഷനുകളുടെ പ്രവർത്തനം സിസിടിവി നിരീക്ഷണത്തിലാക്കും

സ്വന്തം ലേഖകൻUpdated: Sunday Nov 13, 2022

കൊല്ലം
മൂന്നാംമുറ ഉൾപ്പെടെ മോശം പ്രവണതകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറ സ്ഥാപിക്കുന്ന നടപടി വൈകാതെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ലോക്കപ്പ്, വരാന്ത, സ്വീകരണമുറി, പൊലീസ് ഓഫീസർമാരുടെ മുറി തുടങ്ങി സ്റ്റേഷനിലെ വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് കാമറ വഴി നിരീക്ഷിക്കുക.

 18 മാസം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും. പൊലീസ് കൺട്രോൾ റൂമിലും മുതിർന്ന പൊലീസ് ഓഫീസർമാർക്കും സിസിടിവി ദൃശ്യങ്ങൾ കാണാനാകും. ഈ സംവിധാനങ്ങൾ പൂർണനിലയിൽ എത്തുന്നതോടെ സംസ്ഥാനത്തെ എല്ലാ  സ്റ്റേഷനുകളിലെയും ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കപ്പെടുന്ന നിലയുണ്ടാകും. പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾക്ക് വലിയൊരളവോളം പരിഹാരം കാണാൻ ഇത്‌ ഉപകരിക്കുമെന്നാണ്  കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുംവിധം പൊലീസിനെ നവീകരിക്കുന്നതിനായി ആരംഭിച്ച എക്കണോമിക് ഒഫൻസസ് പ്രിവൻഷൻ വിങ്, സൈബർ പട്രോളിങ്ങ്‌, സൈബർ ഡോം തുടങ്ങിയവയിലൂടെ സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ വളരെ പെട്ടെന്ന് കണ്ടെത്തി തടയാൻ  കഴിയുന്നുണ്ട്‌. വിദേശ രാജ്യങ്ങളിൽ എത്തിയും പ്രതികളെ പിടികൂടുന്നു. ഇതൊക്കെ മുൻനിർത്തിയാണ് സൈബർ പൊലീസിങ്ങ്‌ രംഗത്തെ മാതൃകാ സംസ്ഥാനമായി കേരളം വിലയിരുത്തപ്പെടുന്നത്.

വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കുകയാണ് എൽഡിഎഫ് സർക്കാർ.  അത്‌ ഉറപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണ് പൊലീസ് സേനാംഗങ്ങളും. ആ ചുമതല ഭംഗിയായി നിറവേറ്റിയും ജനസൗഹൃദ സേനയായി നിലകൊണ്ടും നാടിന്റെ അഭിമാനമായി കേരള പൊലീസ് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top