28 March Thursday

രാഷ്‌ട്രീയ വിരോധം; ഡിവൈഎഫ്‌ഐ പ്രവർത്തകനെ അക്രമിച്ച 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

ജിഷ്‌ണു


ബാലുശേരി (കോഴിക്കോട്)  
പിറന്നാളാഘോഷത്തിനെത്തിയ സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവേ ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്ഡിപിഐ സംഘം വളഞ്ഞിട്ടാക്രമിച്ച്‌, തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു. കോട്ടൂർ പഞ്ചായത്തിലെ    ഡിവൈഎഫ്ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണുരാജി(24)നെയാണ്‌ മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചത്‌. അവശനിലയിലായ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഷ്‌ണുവിന്റെ ബൈക്ക് തകർത്ത് വയലിൽ താഴ്‌ത്തി.  സംഭവത്തിൽ 9 പേർക്കെതിരെ  വധശ്രമത്തിനും കണ്ടാലറിയാവുന്ന  20 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരവും  കേസെടുത്തു. പട്ടികജാതി വകുപ്പനുസരിച്ചും കേസുണ്ട്.

ബുധൻ രാത്രിയാണ്‌ സംഭവം. കൂട്ടുകാരന്റെ വീട്ടിലെത്തി തിരിച്ചുവരുന്നതിനിടെ ബൈക്ക് തടഞ്ഞുവച്ച്‌ ഫാരിസ് പാണ്ടികശാല, ഷക്കീർ പാലോളി, മുർഫിദ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേർ ആക്രമിക്കുകയായിരുന്നു. എസ്‌ഡിപിഐയുടെ പോസ്റ്റർ നശിപ്പിക്കാൻ എത്തിയതാണെന്ന്‌ ആരോപിച്ചായിരുന്നു അക്രമം. പോസ്റ്റർ നശിപ്പിക്കാനെത്തിയതാണെന്ന്‌ ഭീഷണിപ്പെടുത്തി ജിഷ്‌ണുവിനെക്കൊണ്ട്‌ പറയിക്കുകയും വാള്‌ പിടിപ്പിക്കുകയും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്‌തു. ബൈക്കിലെ പെട്രോൾ തീർന്നെന്ന് പറഞ്ഞ് കൂട്ടുകാരെ വിളിച്ചുവരുത്താനും ആവശ്യപ്പെട്ടു. വടിവാൾ കഴുത്തിനുവച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ ഇത്‌ ചെയ്യിച്ചത്‌. ഇങ്ങനെയെത്തിയ സഹോദരൻ വിഷ്‌ണുവിനെയും മർദിച്ചു. വിഷ്‌ണുവും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി പന്ത്രണ്ടരമുതൽ മൂന്ന്‌ മണിക്കൂറാണ്‌ ജിഷ്‌ണുവിനെ മർദ്ദിച്ചത്‌. വിവരമറിഞ്ഞ്‌ ബാലുശേരി പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അക്രമികൾ പൊലീസിനെ കൈയേറ്റംചെയ്യാനും ശ്രമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top