കൊച്ചി
വരയിലൂടെയും എഴുത്തിലൂടെയും മലയാളത്തിന് ചിരിമധുരം പകർന്ന കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. മകളുടെ വീടായ, കാക്കനാട് പാലച്ചുവടിലെ ‘സാവിത്രി’യിൽ ശനി രാത്രി ഏഴേകാലിനാണ് അന്ത്യം. മൃതദേഹം ഞായർ രാവിലെ 10ന് കാക്കനാട് പാലച്ചുവട് അമ്പലപ്പാറ റോഡിലെ വീട്ടിൽ കൊണ്ടുവരും. പകൽ 2.30വരെ പൊതുദർശനം. സംസ്കാരം പകൽ മൂന്നിന് തൃപ്പൂണിത്തുറ എമ്പ്രാൻ മഠം വക ശ്മശാനത്തിൽ. ഭാര്യ: പരേതയായ സാവിത്രിയമ്മാൾ. മക്കൾ: സുമംഗല (ഡബ്ബിങ് ആർട്ടിസ്റ്റ്, ഫെഫ്ക ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി), പരേതയായ രമ. മരുമകൻ: കെ ജി സുനിൽ (കിൻസൻ സെക്യൂരിറ്റീസ് ജനറൽ മാനേജർ).
കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ എഴുതി. പുതിയ പുസ്തകം ‘സൗഖ്യം’ പ്രസിദ്ധീകരിക്കാനിരിക്കെയാണ് അന്ത്യം. കേരള കാർട്ടൂൺ അക്കാദമി സ്ഥാപകനാണ്. അക്കാദമി ചെയർമാനും സെക്രട്ടറിയുമായിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ ഒമ്പതിന് തിരുവനന്തപുരം ആറ്റിങ്ങലിൽ വീരളത്ത് മഠത്തിലാണ് എസ് സുകുമാരൻ പോറ്റി എന്ന സുകുമാറിന്റെ ജനനം. ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് 1950ൽ വികടനിൽ. 1957ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. 1987ൽ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. 1996ൽ ഹാസസാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തിരുവനന്തപുരത്തുനിന്ന് 2019ൽ എറണാകുളത്തേക്ക് താമസം മാറ്റി.
സുകുമാരൻ പോറ്റി
കാർട്ടൂണിസ്റ്റായ കഥ
സുകുമാരൻ പോറ്റി തിരുവനന്തപുരം ഇന്റർമീഡിയേറ്റിന് ഒന്നാംവർഷം പഠിക്കുമ്പോഴാണ് കാർട്ടൂണിസ്റ്റ് ശങ്കർ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്നു എന്ന് പത്രത്തിൽനിന്നറിഞ്ഞത്. കാണാൻ പോകുന്നതിന് അച്ഛനോട് അനുമതി ചോദിച്ചു. ഒപ്പം ക്ഷേത്രത്തിൽനിന്ന് റോസാപ്പൂമാലയും. തന്റെ ജ്യേഷ്ഠന്റെ സഹപാഠിയായ ഇല്ലിക്കുളത്ത് കെ ശങ്കരപ്പിള്ളയെ കാണാൻ അനുമതി കൊടുത്ത പിതാവ് ചുവന്ന റോസാപ്പൂക്കൾകൊണ്ട് ഉണ്ടാക്കിയ മാലയും ബസ് കൂലിയും നൽകി. സുകുമാരൻ സന്തോഷത്തോടെ ശംഖുംമുഖം വേളി ബസിൽ കയറി. യാത്രക്കാർ അധികമില്ലാത്ത ബസിലെ മുൻ സീറ്റിൽ റോസാപ്പൂക്കളുടെ മാല മടിയിൽവച്ച് ഇരുന്നു.
ഇതുകണ്ട് എതിർവശത്തെ സീറ്റിലുണ്ടായിരുന്ന രണ്ടുപേർ കൗതുകത്തോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ശങ്കേഴ്സ് വീക്കിലിയുടെ എഡിറ്ററും പബ്ലിക് റിലേഷൻ വകുപ്പ് ഡയറക്ടറുമായിരുന്ന വി ആർ നാരായണൻനായരും സുഹൃത്തുമായിരുന്നു അവർ. അവരും ശങ്കറിനെ സ്വീകരിക്കാൻ പോകുന്നവരാണ്. സുകുമാരന് ശങ്കറിനെ പരിചയമില്ലെങ്കിലും ശങ്കേഴ്സ് വീക്കിലിയിൽ വരയ്ക്കാറുണ്ട് എന്നറിഞ്ഞ അവർ ശങ്കറിന് പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് ഏറ്റു.
കുട്ടികളുടെ ഒന്നാം അന്തർദേശീയ ചിത്രരചനാ മത്സരത്തിലെ വിജയികളുടെ പ്രദർശനം സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ നടത്തുവാനാണ് ശങ്കർ എത്തുന്നത്. ശങ്കറും ഭാര്യ തങ്കവും വിമാനത്തിൽനിന്ന് ഇറങ്ങിയപ്പോൾ ബസിലെ സഹയാത്രികർ സുകുമാരനെ പരിചയപ്പെടുത്തി. സുകുമാരൻ റോസാപ്പൂമാല ശങ്കറിനെ അണിയിച്ചു. ശങ്കർ സുകുമാരനെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ശങ്കർ മടങ്ങുന്നതുവരെ മുഖ്യ സഹായിയായി സുകുമാരൻ ഉണ്ടായിരുന്നു. ശങ്കേഴ്സ് വീക്കിലിയിൽ അതോടെ സുകുമാരന്റെ കാർട്ടൂൺ പതിവായി. അങ്ങിനെയാണ് സുകുമാരൻ പോറ്റി കാർട്ടൂണിസ്റ്റ് സുകുമാറായി വളർന്നത്.
"സൗഖ്യം’
പ്രസിദ്ധീകരിക്കാതെ
മടക്കം
വരയിലും വരികളിലും ചിരിയും ചിന്തയും നിറച്ച കാർട്ടൂണിസ്റ്റ് സുകുമാർ വിടപറയുന്നത് അവസാന പുസ്തകമായ "സൗഖ്യം' പുറത്തിറങ്ങാനിരിക്കെ. ‘സൗഖ്യം’ എന്നപേരിൽ മുമ്പ് പല പ്രസിദ്ധീകരണങ്ങളിലും എഴുതിയ ഹാസലേഖനങ്ങളുടെ സമാഹാരമായിരുന്നു പുസ്തകം.മറ്റു പുസ്തകങ്ങളിലൊന്നും ഈ ലേഖനങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. കവർപേജ് രൂപകൽപ്പന, പ്രൂഫ് റീഡിങ് എന്നിവ ഏകദേശം പൂർത്തിയായിരുന്നു. പ്രഭാത് ബുക് ഹൗസാണ് പ്രസാധകർ. അവസാന ഡ്രാഫ്റ്റ് കഴിഞ്ഞദിവസം ലഭിച്ചെങ്കിലും ആരോഗ്യം മോശമായതിനാൽ വായിക്കാനായില്ല. ഒരാഴ്ചമുമ്പ് ഓർമയുൾപ്പെടെ നഷ്ടപ്പെട്ടുതുടങ്ങി. പേരിടാത്ത മറ്റൊരു പുസ്തകത്തിന്റെ ജോലികളും നടക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞവർഷം കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ നവതിയാഘോഷം. 2019ൽ ആണ് തിരുവനന്തപുരത്തുനിന്ന് ഭാര്യ സാവിത്രിക്കൊപ്പം കൊച്ചിയിൽ മകൾ സുമംഗലയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. വരാപ്പുഴയിലായിരുന്നു ആദ്യം. 2020ൽ ഭാര്യയുടെ മരണശേഷം കാക്കനാട് പാലച്ചുവടിലെ ‘സാവിത്രി’യിലെത്തി. നർമകൈരളിയും കാർട്ടൂൺവരയും ചിരിയെഴുത്തുമൊക്കെയായി തിരക്കുപിടിച്ചതായിരുന്നു തിരുവനന്തപുരം കാലം. മനസ്സില്ലാമനസ്സോടെയാണ് അവിടം വിട്ടത്.
സെക്രട്ടറിയറ്റും ലൈബ്രറിയും തിരുവനന്തപുരം നഗരത്തിലൂടെയുള്ള നീണ്ട നടത്തവുമൊക്കെ സംസാരത്തിൽ നിറയും. കൊച്ചിയിൽ കാർട്ടൂൺ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴാണ് കോവിഡിന്റെ വരവ്. അതോടെ അദ്ദേഹം വീട്ടിൽമാത്രമായൊതുങ്ങി.
കാർട്ടൂൺ അക്കാദമി അനുശോചിച്ചു
കാർട്ടൂണിസ്റ്റും ഹാസസാഹിത്യകാരനുമായിരുന്ന സുകുമാറിന്റെ നിര്യാണത്തിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു. അക്കാദമിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് സുകുമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..