29 March Friday

കെയർ ഹോം പദ്ധതി രണ്ടാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം > 2018-ലെ മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഇതിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

ഒന്നാംഘട്ടത്തിൽ തീരുമാനിച്ച 2000 വീടുകൾ സമയബന്ധിതമായി തന്നെ ഗുണഭോക്താക്കൾക്ക് കൈമാറി. സുരക്ഷിതത്വം, സ്വകാര്യത, ശുചിത്വം, കുട്ടികൾക്കുള്ള പഠനസൗകര്യം തുടങ്ങിയവ കെയർഹോം വീടുകളുടെ പ്രത്യേകതയാണ്. ഒന്നാംഘട്ടം പൂർത്തിയായ ശേഷവും ചില ജില്ലകളിൽ നിന്ന് അധിക ആവശ്യങ്ങൾ വന്നു. അവയും പരിഗണിക്കാൻ സർക്കാർ തയ്യാറായി. അതിൻറെ ഭാഗമായി 92 വീടുകൾ കൂടി നിർമിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചു. അവയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂരഹിത-ഭവനരഹിതർക്കായുള്ള ഫ്‌ളാറ്റുകളുടെ നിർമാണമാണ് ഈ ഘട്ടത്തിലുള്ളത്. 14 ജില്ലകളിലും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ഫ്‌ളാറ്റ് സമുച്ചയം നിർമിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്. ഓരോ കോംപ്ലക്‌സിലും 450 മുതൽ 500 വരെ സ്‌ക്വയർ ഫീറ്റ് വീസ്തീർണ്ണമുള്ള, 30 മുതൽ 40 വരെ ഭവനങ്ങൾ ഉണ്ടാകും. കൂടാതെ പ്രദേശത്തിൻറെ പ്രത്യേകതയനുസരിച്ച് കുട്ടികളുടെ കളിസ്ഥലം, അങ്കണവാടി, മീറ്റിങ് ഹാൾ, വായനശാല, മാലിന്യസംസ്‌ക്കരണ സൗകര്യം, പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും.

സംസ്ഥാനത്തെ സഹകരണ മേഖല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top