26 April Friday

ആകാശം തൊടും കെയർ; കടയ്ക്കലിൽ 37 ഫ്ലാറ്റിന്റെ ഭവനസമുച്ചയം

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

കൊല്ലം > ഭൂ–ഭവനരഹിതർക്ക് വീടിന്റെ തണലൊരുക്കുന്ന സഹകരണവകുപ്പിന്റെ കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‌ ജില്ലയിൽ തുടക്കം. കടയ്ക്കൽ പഞ്ചായത്തിലെ ഒരേക്കറിൽ 37 ഫ്ലാറ്റ്‌ അടങ്ങിയ ഭവനസമുച്ചയം ഉയരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കലിൽ പാര്‍പ്പിട സമുച്ചയ നിർമിക്കാനുള്ള രൂപരേഖ ടികെഎം എൻജിനിയറിങ്‌ കോളേജ്‌ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. ഇതിന് ജില്ലാ സാങ്കേതിക സമിതിയുടെ അനുമതിയും ലഭിച്ചു.

എന്നാൽ, നിർമിതികേന്ദ്രവുമായി സഹകരിച്ച് പുതിയ രൂപരേഖ തയ്യാറാക്കാനാണ് നിലവിൽ ആലോചിക്കുന്നത്. കൂടുതൽ ഫ്ലാറ്റ്‌ ഉൾപ്പെടുത്തി പദ്ധതി വിപുലമാക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായാണിത്‌. ഓരോ ഫ്ലാറ്റിനും വരാന്ത, സ്വീകരണമുറി, രണ്ടു കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ടാകും. പ്രാഥമിക കണക്ക് പ്രകാരം 5.30 കോടി രൂപയിലേറെ ചെലവ്‌ പ്രതീക്ഷിക്കുന്നു. പ്രളയത്തിൽ ഭവനരഹിതരായവർക്ക് വീട് നിർമിച്ചുനൽകിയ ആദ്യഘട്ട കെയർഹോം പദ്ധതിയുടെ വിജയത്തിനുശേഷമാണ് സഹകരണ വകുപ്പ്‌ ഫ്ലാറ്റ്‌ നിർമാണത്തിലേക്കു കടന്നത്. സഹകരണ സംഘങ്ങൾ അംഗങ്ങളുടെ ലാഭവിഹിതത്തിൽനിന്ന്‌ സമാഹരിച്ച 55.83 കോടി രൂപ ഉപയോഗിച്ചാണ്‌ വീട്‌ ഉറപ്പാക്കുന്നത്‌.

തിരുവനന്തപുരം പള്ളിക്കൽ, ആലപ്പുഴയിൽ തഴക്കര, പാലക്കാട് കണ്ണാടി, കോഴിക്കോട് വടകര, കണ്ണൂർ പന്നിയൂർ എന്നിവിടങ്ങളിലും ഫ്ലാറ്റ് നിർമാണത്തിന് പദ്ധതിയും അടങ്കലും തയ്യാറായി. കെയർഹോം രണ്ടാംഘട്ട ഉദ്ഘാടനം തൃശൂർ പഴയന്നൂരിൽ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. വാനോളം ഉയരും അബ്ദുള്ളയുടെ പേരുംകടയ്‌ക്കലിൽ ഭവനസമുച്ചയത്തിനൊപ്പം ഒരു പേരും വാനോളം ഉയരും.

കപ്പലണ്ടി വിറ്റുകിട്ടിയ വരുമാനത്തിൽനിന്ന്‌ പാർപ്പിട സമുച്ചയം നിർമിക്കാൻ ഒരേക്കർ ഭൂമി വാങ്ങിനൽകിയ തമിഴ്നാട് പുളിയൻകുടി സ്വദേശി അബ്ദുല്ല (മണി)യുടെ പേര്‌. 10 ലക്ഷം രൂപയ്ക്ക് കോട്ടപ്പുറത്താണ് ഒരേക്കർ വസ്തുവാങ്ങി കടയ്ക്കൽ പഞ്ചായത്തിനു നൽകിയത്. രേഖകൾ മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞവര്‍ഷം കൈമാറി. 1982ൽ ആണ് അബ്ദുള്ള കടയ്ക്കലിൽ എത്തിയത്. കപ്പലണ്ടിക്കടയിൽ ജോലിക്കാരനായാണ്‌ തുടക്കം. പിന്നീട് ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റു. ഇന്ന് സ്വന്തമായി സ്റ്റേഷനറിക്കട നടത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top