കട്ടപ്പന> ഉൽപ്പാദനം കുറഞ്ഞിട്ടും ഏലയ്ക്ക വിലയിൽ മുന്നേറ്റമില്ല. ആഗസ്‌തിൽ 2300ലെത്തിയ വില ഒരുമാസത്തിനിടെ 500 രൂപ ഇടിഞ്ഞു. നിലവിൽ 1700നും –- 1800 നും ഇടയിലാണ് കമ്പോളത്തിൽ വില. കാലവർഷം ദുർബലമാകുകയും കാലാവസ്ഥ വ്യതിയാനവും മൂലം ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. എന്നാൽ, മുൻകാലങ്ങളിൽ ഉൽപ്പാദനക്കുറവുണ്ടാകുമ്പോൾ വിലയിലുണ്ടാകുന്ന മുന്നേറ്റം ഇത്തവണയില്ല. തമിഴ്‌നാട്ടിലെ വ്യാപാരലോബിയുടെ ഇടപെടലിനെ ത്തുടർന്നാണ് വില ഉയരാത്തതിന് കാരണമെന്നും കർഷകർ പറയുന്നു.
സ്‌പൈസസ് ബോർഡിന്റെ ഇ ലേലത്തിൽ ഗുണനിലവാരമില്ലാത്ത ഏലയ്ക്ക പതിച്ച് വില ഇടിക്കുകയാണ്. കൂടാതെ, ലേലത്തിൽ പതിച്ച ഉൽപ്പന്നം വീണ്ടും ലേലത്തിലെത്തിക്കുന്ന റീപൂളിങ് സമ്പ്രദായവും വിലയിടിക്കാനായി പ്രയോഗിച്ചുവരുന്നു. ഉൽപ്പാദനം കുറഞ്ഞസമയത്ത് വിലയിടിച്ച് പരമാവധി ഉൽപ്പന്നം വാങ്ങാൻ തമിഴ്‌നാട് ലോബി ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്.
ചൊവ്വാഴ്ച നടന്ന ഇടുക്കി ഡിസ്ട്രിക്ട് ട്രഡീഷണൽ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ലേലത്തിൽ 1,764 രൂപയാണ് ശരാശരി വില. ഉയർന്നവില 2154 രൂപയും. 214 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 55,116 കിലോയിൽ 54,816 കിലോ ഏലയ്ക്കയും വിറ്റുപോയി.
കീടബാധ രൂക്ഷം
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഏലച്ചെടികളിൽ രോഗ, കീട ബാധകൾ വർധിച്ചതും ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വേരുപുഴു, ഫിസേറിയം, തട്ടമറിച്ചിൽ, കൊത്തഴുകൽ, അഴുകൽ, ഇലപ്പേന തുടങ്ങിയവ ഹൈറേഞ്ചിലെ തോട്ടങ്ങളിലും പുരയിടങ്ങളിലും വ്യാപകമായി. വേരുപുഴുവിന്റെ ആക്രമണം മുൻവർഷങ്ങളേക്കാൾ കൂടുതലായി കണ്ടുവരുന്നു. വളവും കീടനാശിനിയും പലതവണ പ്രയോഗിച്ചിട്ടും പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു. ചെടിയുടെ തണ്ടിൽ ഇല മുളപൊട്ടുന്ന സ്ഥലങ്ങളിലാണ് ഫിസേറിയം ഫംഗസിന്റെ ആക്രമണം. ഈ ഭാഗങ്ങളിലെ നീര് ഊറ്റിക്കുടിക്കുന്നതോടെ ഇലകൾ വിണ്ടുകീറിയാണ് മുളപൊട്ടുന്നത്. ദിവസങ്ങൾക്കുള്ളിൽ ഈ ഭാഗങ്ങളിൽ വച്ച് തണ്ടൊടിഞ്ഞ് ചെടി നശിക്കുന്നു. രോഗബാധയെ തുടർന്ന് തട്ടമറിച്ചിലും വ്യാപകമായിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ ശരവും കായയും അഴുകിച്ചെടി പൂർണമായി നശിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..