26 April Friday

ഇന്ത്യൻ സമുദ്രമത്സ്യമേഖലയിലെ കാർബൺ നിർഗമനം ആഗോളതലത്തിലെക്കാൾ കുറവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

കൊച്ചി> ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയിൽ നിന്നുള്ള കാർബൺ നിർഗമനം ആഗോളതലത്തിൽ ഉള്ളതിനെക്കാൾ വളരെ കുറവെന്ന് പഠനം.കടലിൽനിന്ന്‌ ഒരുടൺ മീൻ പിടിച്ച്‌ സംസ്‌കരിക്കുന്നതുവരെ 1.32 ടൺ കാർബൺ ഡയോക്സൈഡാണ് ഇന്ത്യ പുറത്തുവിടുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ).

മീൻപിടിത്തത്തിനുള്ള ഒരുക്കംമുതൽ മീൻ വിപണിയിലെത്തുന്നതുവരെയുള്ള പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലെത്തുന്ന കാർബൺ വാതകങ്ങളുടെ കണക്കാണിത്.ആഗോളതലത്തിലേതിനെക്കാൾ 16.3 ശതമാനം കുറവാണ് ഇന്ത്യയിലെ കാർബൺ നിർഗമനമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതി കുറയ്ക്കാൻ ദേശീയ കാർഷിക ഗവേഷണകേന്ദ്രം (ഐസിഎആർ) നടപ്പാക്കുന്ന വിവിധ ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളായ നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) ഗവേഷണപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സിഎംഎഫ്ആർഐയിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികൾ കുറയ്ക്കാനും ബദൽമാർഗങ്ങൾ ആരായാനുമാണ്‌ നിക്ര ഗവേഷണപദ്ധതിക്ക് ഐസിഎആർ തുടക്കമിട്ടത്. ഇതിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട, സിഎംഎഫ്ആർഐ ഉൾപ്പെടെയുള്ള അഞ്ച് ഗവേഷണ സ്ഥാപനങ്ങളും രണ്ട് സർവകലാശാലകളും നടത്തുന്ന പഠനത്തിന്റെ അവലോകനയോഗമാണ് നടന്നത്.

സിഎംഎഫ്ആർഐയുടെ പഠനപ്രവർത്തനങ്ങൾ ഡോ. ഗ്രിൻസൻ ജോർജ് അവതരിപ്പിച്ചു. ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എസ് കെ ചൗധരി അധ്യക്ഷനായി. രാജ്യത്തിന്റെ വിവിധ ഗവേഷണസ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ശാസ്ത്രജ്ഞർ കണ്ടെത്തലുകൾ അവതരിപ്പിച്ചു. നിക്ര വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ബി വെങ്കടേശ്വരുലു, അംഗം ഡോ. കെ കെ വാസ്, ഡോ. വി കെ സിങ്‌, ഡോ. എം പ്രഭാകർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top