25 April Thursday
എംഎസ്‌എഫിന്റെ അവിശുദ്ധ കൂട്ടുകെട്ടിന്‌ തിരിച്ചടി

കലിക്കറ്റിൽ തകർന്നത്‌ എംഎസ്‌എഫ്‌ - കെഎസ്‌യു - ഫ്രറ്റേണിറ്റി കൂട്ടുകെട്ട്‌; കോടതി കയറിയിട്ടും ഫലമുണ്ടായില്ല

ജിജോ ജോർജ്‌Updated: Thursday Mar 16, 2023

തേഞ്ഞിപ്പലം > കലിക്കറ്റിലെ വിദ്യാർഥി സമൂഹം വീണ്ടും എസ്‌എഫ്‌ഐയിൽ വിശ്വാസം അർപ്പിച്ചപ്പോൾ തകർന്നത്‌ എംഎസ്‌എഫും കെഎസ്‌യുവും ജമാഅത്തെ ഇസ്ലാമിയുടെ ഫ്രറ്റേണിറ്റിയുമായി ചേർന്നുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട്‌. കലിക്കറ്റ്‌ സർവകലാശാല യൂണിയൻ ഭരണം സ്വന്തമാക്കാനുള്ള എംഎസ്‌എഫിന്റെ മോഹങ്ങൾക്ക്‌ കനത്ത തിരിച്ചടിയാണ്‌ വിവിധ ക്യാമ്പസുകളുടെ പ്രതിനിധികളായി എത്തിയ കൗൺസിലർമാർ നൽകിയത്‌. അഞ്ച്‌ ജനറൽ സീറ്റ്‌ ഉൾപ്പെടെ പത്തിൽ ഒമ്പതും എസ്‌എഫ്‌ഐ സ്വന്തമാക്കി. മലപ്പുറം ജില്ലാ നിർവാഹക സമിതി അംഗം ജയിച്ചതുമാത്രമാണ്‌ എംഎസ്‌എഫിന്‌ ആശ്വാസമായത്‌.

എസ്‌എഫ്‌ഐയെ പരാജയപ്പെടുത്താൻ ആരുമായും കൂട്ടുചേരുമെന്നായിരുന്നു ഇത്തവണയും എംഎസ്‌എഫ്‌ പ്രഖ്യാപിച്ചത്‌. അതിനാൽ 18 കൗൺസിലർമാർ ഉണ്ടെന്നു അവകാശപ്പെടുന്ന ഫ്രറ്റേണിറ്റിയുമായി രഹസ്യ ധാരണയുണ്ടാക്കി. അഞ്ച്‌ ജനറൽ സീറ്റിലും മലപ്പുറം, തൃശൂർ ജില്ലാ നിർവാഹക സമിതിയിലേക്കും ഫ്രറ്റേണിറ്റി സ്ഥാനാർഥികളെ നിർത്തി. മലപ്പുറം ജില്ലാ നിർവാഹക സമിതി സ്ഥാനാർഥിക്ക്‌ എട്ടും തൃശൂർ ജില്ലാ നിർവഹാക സമിതി സ്ഥാനാർഥിക്ക്‌ ആറും വോട്ട്‌ ലഭിച്ചതോടെ കുറഞ്ഞത്‌ 14 വോട്ട്‌ ഫ്രട്ടേണിറ്റിക്കുണ്ടെന്ന്‌ ഉറപ്പായി.

എന്നാൽ ഫ്രറ്റേണിറ്റിയുടെ ചെയർപേഴ്‌സൺ, വൈസ്‌ ചെയർമാൻ  സ്ഥാനാർഥികൾക്ക്‌ കിട്ടിയത്‌ പൂജ്യം വോട്ടാണ്‌. സ്ഥാനാർഥികൾപോലും സ്വന്തം വോട്ട്‌ എംഎസ്‌എഫ്‌ - കെഎസ്‌യു കൂട്ടുകെട്ടിന്‌ മറിച്ചുനൽകി. ലേഡി വൈസ്‌ ചെയർപേഴ്‌സൺ -രണ്ട്‌, ജനറൽ സെക്രട്ടറി–-  ഒന്ന്‌, ജോയിന്റ്‌ സെക്രട്ടറി - ഒന്ന്‌ എന്നിങ്ങനെയാണ്‌ മറ്റ്‌ സ്ഥാനത്തേക്ക്‌ ഫ്രട്ടേണിറ്റിക്ക്‌ കിട്ടിയ വോട്ട്‌.

കോടതി കയറിയിട്ടും ഫലമുണ്ടായില്ല

കോളേജുകളിൽ നടപടിക്രമം പാലിക്കാതെ തെരഞ്ഞെടുപ്പ്‌ നടത്തിയാണ്‌ യുയുസിമാരെ തെരഞ്ഞെടുത്തതെന്ന പരാതിയെ തുടർന്ന്‌ 25 കൗൺസിലർമാരെ സർവകലാശാല വരാണാധികാരി വോട്ടർ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ എംഎസ്‌എഫ്‌ ഹൈക്കോടതിയെ സമീപിച്ചു. ഈ 25 പേരെയും വോട്ടുചെയ്യാൻ അനുവദിച്ച കോടതി അവ പ്രത്യേക പെട്ടിയിൽ സൂക്ഷിക്കാൻ നിർദേശിച്ചു. വീണ്ടും കോടതിയിൽപോയ എംഎസ്‌എഫ്‌ ഇവയും എണ്ണാനുള്ള അനുകൂല വിധിയും വോട്ടെടുപ്പ്‌ ദിനത്തിൽ നേടിയെടുത്തു. ആ വോട്ടുകൾ എണ്ണിയിട്ടും എസ്‌എഫ്‌ഐയുടെ ജൈത്രയാത്ര തടയാൻ കഴിഞ്ഞില്ല.

ഇതിനുമുമ്പ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുനടന്നത്‌ 2018ൽ ആണ്‌. അന്നും വിജയം എസ്‌എഫ്‌ഐക്കായിരുന്നു. 2019ൽ സ്ഥാനാർഥികളുടെ പത്രിക സമർപ്പണം കഴിഞ്ഞശേഷം എംഎസ്‌എഫ്‌ കോടതിയെ സമീപിച്ചതോടെ തെരഞ്ഞെടുപ്പ്‌ സ്‌റ്റേയായി. 2020ലും 2021ലും കോവിഡ്‌ കാരണം തെരഞ്ഞെടുപ്പ്‌ നടന്നില്ല. 2022-23ൽ ഒക്‌ടോബറിൽ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടന്നെങ്കിലും സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌ വൈകി. ഇത്തവണ എന്തുവിലകൊടുത്തും സർവകലാശാല യൂണിയൻ ഭരണം പിടിക്കുമെന്ന്‌ എംഎസ്‌എഫ്‌ പ്രഖ്യാപിച്ചതോടെ മത്സരത്തിന്‌ ചൂടുപിടിച്ചു.

സ്വതന്ത്ര കൗൺസിലർമാർക്ക്‌ വിദേശയാത്ര ഉൾപ്പെടെയുള്ള ഓഫർ നൽകി വോട്ടുപിടിക്കാൻ ശ്രമം നടത്തി. തെരഞ്ഞെടുപ്പ്‌ നടക്കാത്ത ചില കോളേജുകളിൽനിന്ന്‌ മുസ്ലിം ലീഗ്‌ മാനേജ്‌മെന്റുകളുടെ സഹായത്തോടെ രേഖകളുണ്ടാക്കി കൗൺസിലർമാരെ ഉണ്ടാക്കി. ഫ്രറ്റേണിറ്റിയുമായും രഹസ്യ ധാരണയുണ്ടാക്കി. എന്നിട്ടും ഒറ്റയ്‌ക്ക്‌ പൊരുതിയാണ്‌ എസ്‌എഫ്‌ഐയുടെ വിജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top