19 April Friday

ഉറപ്പാക്കും, പഴുതടച്ച സുരക്ഷ ; ആശുപത്രി സംരക്ഷണ ഭേദഗതി ഓർഡിനൻസ്‌ മന്ത്രിസഭ ഇന്ന്‌ പരിഗണിക്കും

സ്വന്തം ലേഖകൻUpdated: Wednesday May 17, 2023


തിരുവനന്തപുരം
ആരോഗ്യപ്രവർത്തകർക്ക്‌ സധൈര്യം ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാനാവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ആശുപത്രി സംരക്ഷണ ഭേദഗതി ഓർഡിനൻസ്‌ ബുധനാഴ്‌ച മന്ത്രിസഭ പരിഗണിക്കും. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കുന്നതാണ്‌ ഭേദഗതികൾ.

ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്‌താൽ പരമാവധി ശിക്ഷയുറപ്പിക്കാനുള്ള നിർദേശങ്ങളടങ്ങുന്നതാകും ഓർഡിനൻസ്‌. നിലവിലുള്ള നിയമത്തിലെ പഴുതുകൾ പൂർണമായും അടയ്‌ക്കും. നിലവിൽ മൂന്നു വർഷം തടവും അരലക്ഷം രൂപയുമാണ്‌ ശിക്ഷ. ഇത്‌ വർധിപ്പിച്ചേക്കും.

കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ഡോ. വന്ദന ദാസ്‌ കുത്തേറ്റ്‌ മരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ്‌ ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കാനും ഓർഡിനൻസിറക്കാനും തീരുമാനിച്ചത്‌. ഡോക്ടർമാരുടെയും ഹൗസ്‌ സർജന്മാരുടെയും സംഘടനകൾ മുന്നോട്ടുവച്ച ആവശ്യങ്ങളും പൊതുസാഹചര്യം വിലയിരുത്തിയുള്ള നിർദേശങ്ങളും ഓർഡിനൻസിന്റെ ഭാഗമാകും. ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതിയുണ്ടാകും.

ജോലിയെടുക്കുന്നതിന്‌ തടസ്സമുണ്ടാക്കൽ, ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള അപകീർത്തിപ്പെടുത്തൽ,  ആശുപത്രിയിലെ ഏതെങ്കിലും വസ്തുവിന്‌ നഷ്ടം വരുത്തൽ എന്നിവ ആക്രമണമായി കൂട്ടിച്ചേർക്കണമെന്ന്‌ ഐഎംഎ നിർദേശിച്ചിരുന്നു. അക്രമികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പനുസരിച്ച്‌ കേസെടുക്കണം.
ഒരു മണിക്കൂറിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം, ആക്രമണമുണ്ടായാൽ അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കണം, സുരക്ഷയുറപ്പാക്കുന്നതിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ നടപടി, വിചാരണ ആറു മാസത്തിൽ പൂർത്തിയാക്കണം, എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും ചുറ്റുമുള്ള 500 മീറ്റർ പ്രദേശവും പ്രത്യേക സംരക്ഷണമേഖലയായി പരിഗണിക്കണം, മുൻകരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ ഡോക്ടർമാരുടെ സംഘടനകൾ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഇതടക്കം പരിഗണിച്ചാകും ഓർഡിനൻസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top