14 August Sunday

ഐ ടി ഇതര സ്റ്റാർട്ടപ്പുകൾക്കും ആനുകൂല്യം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

തിരുവനന്തപുരം> കേരള സ്റ്റേറ്റ് സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐ ടി അനുബന്ധ സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ഐടി ഇതര സ്റ്റാർട്ടപ്പ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.

സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് യുണീക്ക് ഐഡി യുള്ള സ്റ്റാർട്ടപ്പുകളുടെ മൊബൈൽ ആപ്പുകൾ, മറ്റ് സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ മുതലായ ഐ.ടി അനുബന്ധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും നൽകിവരുന്ന ആനുകൂല്യങ്ങളാണ് ഐടി ഇതര മേഖലകൾക്ക് കൂടി നൽകുക. സ്റ്റോർ പർച്ചേസ് വകുപ്പും ഇലക്‌ട്രോണിക്‌സും വിവര സാങ്കേതികവും വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന വ്യവസ്ഥയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായാണ് അനുവദിക്കുക. സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കാലാവധി സ്റ്റാർട്ടപ്പ് രജിസ്‌ട്രേഷൻ തിയതി മുതൽ 3 വർഷമോ ഉൽപന്നത്തിന് സ്റ്റാർട്ടപ്പ് മിഷൻ അംഗീകാരം നൽകിയ തിയതി മുതൽ 3 വർഷമോ ഏതാണ് ഒടുവിൽ വരുന്നത് അത് നിശ്ചയിക്കും.

സ്റ്റേറ്റ് യുണീക്ക് ഐ.ഡിയുള്ള സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള എല്ലാത്തരം ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകൾക്കുള്ള ധനപരിധി 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്താൻ തീരുമാനിച്ചു. സ്റ്റേറ്റ് യുണീക്ക് ഐ.ഡിയുള്ള വിവിധ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ലിമിറ്റഡ് ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള പരിധി 1 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി ഉയർത്തും.

ടിഎസ് കനാൽ വികസനത്തിന് തുക അനുവദിച്ചു

വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായ ടി.എസ്. കനാലിന്റെ വർക്കല ഭാഗത്തെ വികസനത്തിന് പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് കിഫ്ബി ഫണ്ടിൽ നിന്നും ക്വിൽ മുഖേന 2,21,98,012 രൂപ അനുവദിക്കും. പുനർഗേഹം മാതൃക പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട പുനരധിവാസം പൂർത്തിയാക്കാൻ ബാക്കിയുള്ള 36 കുടുംബങ്ങളുടെ പുനരധിവാസത്തിന് 1,61,98,012 രൂപ അനുവദിക്കും. അധികമായി പുനരധിവസിപ്പിക്കേണ്ട 3 കുടുംബങ്ങൾക്ക് 30,00,000 രൂപ നൽകും. ഇനിയും ഒഴിഞ്ഞുപോകാത്ത 30 കുടുംബങ്ങൾക്ക് വാടക, മറ്റ് ചെലവുകൾ എന്നിവ അധികമായി നൽകുന്നതിന് 30,00,000 രൂപയും അനുവദിക്കും.

ഡിജിറ്റൽ റീ-സർവ്വേ; പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം

സംസ്ഥാനത്തെ 1,550 വില്ലേജുകളുടെ ഡിജിറ്റൽ റീ-സർവ്വേ പദ്ധതിക്ക് തത്വത്തിൽ നൽകിയ അനുമതി 858 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു.

ഇടക്കാലാശ്വാസം

കെൽട്രോണിലെ സ്ഥിരം ജീവനക്കാർക്ക് ഉത്തരവ് തീയതി മുതൽ ജോലിയിൽ പ്രവേശിച്ച തീയതി കണക്കിലെടുക്കാതെ 3,000 രൂപ ഇടക്കാലാശ്വാസം നൽകാൻ തീരുമാനിച്ചു.

പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ 25 തസ്‌തികകൾ

സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ 25 തസ്തികകൾ സൃഷ്ടിക്കും. നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള 14 ജീവനക്കാർക്ക്  സർക്കാർ സർവീസിൽ നിയമനം നൽകും. ബി.എഡ് യോഗ്യതയുള്ളവരും എന്നാൽ കെ-ടെറ്റ് യോഗ്യത ഇല്ലാത്തവരുമായ ജീവനക്കാർക്ക് കെ-ടെറ്റ് നേടുന്നതിൽ നിന്ന് ഇളവ് അനുവദിക്കും. മറ്റ് ജീവനക്കാരെ അന്തിമതീരുമാനം എടുക്കുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ തുടരാൻ അനുവദിക്കും.

കൊച്ചി മെട്രോ 80 തസ്‌തികകളിൽ എസ്ഐഎസ്എഫിൽ നിന്ന് വിന്യസിക്കും

കൊച്ചി മെട്രോയിൽ 2025 വരെ എസ്.ഐ.എസ്.എഫ് സുരക്ഷാംഗങ്ങളെ ബിൽ ഓഫ് കോസ്റ്റ് വ്യവസ്ഥ ഒഴിവാക്കി വിന്യസിക്കാൻ തീരുമാനിച്ചു. സേവനം വിട്ടുകിട്ടുന്നതിന് ചെലവിനത്തിൽ പോലീസിൽ അടയ്‌ക്കേണ്ട തുകയാണ് ഒഴിവാക്കിയത്. രണ്ടാംഘട്ടമായി സൃഷ്ടിച്ച 80 തസ്തികകളിലേക്ക് എസ്.ഐ.എസ്.എഫിൽ നിന്ന് വിന്യസിക്കുന്നതിന് അനുമതി നൽകും.

ഇളവ് നൽകും

കേരള വാട്ടർ അതോറിറ്റി ജീവനക്കാരുടെ ഭവനനിർമ്മാണ വായ്പ സംബന്ധിച്ച് പണയാധാരം/ഒഴിമുറി രജിസ്‌ട്രേഷന് മുദ്ര ഇളവ് അനുവദിക്കാൻ തീരുമാനിച്ചു.

വിശാലകൊച്ചി വികസന അതോറിറ്റിയുടെ അംബേദ്കർ സ്റ്റേഡിയം പദ്ധതിക്ക് ഏറ്റെടുത്ത ഭൂമിക്ക് പകരമായി അനുവദിക്കുന്ന ഭൂമിക്ക് രജിസ്‌ട്രേഷൻ ഇളവ് നൽകും.

ശമ്പളപരിഷ്‌ക്കരണം

സംസ്ഥാന സർവ്വവിജ്ഞാകോശം ഇൻസ്റ്റിറ്റ്യൂട്ടിലെ സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കും.

ദുരിതാശ്വാസനിധിയിൽ നിന്ന് 3 ലക്ഷം രൂപ

14 വർഷമായി അപൂർവ്വ രോഗം ബാധിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി ലിജോയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3 ലക്ഷം രൂപ അനുവദിക്കും. കൂടുതൽ തുക അനുവദിക്കേണ്ടതുണ്ടെങ്കിൽ ഒരു വർഷം കഴിഞ്ഞ് പരിഗണിക്കും.

സിക്ക് ഗുരുദ്വാര സ്ഥാപിക്കുന്നതിന് ഭൂമി നൽകും

സിക്ക് ഗുരുദ്വാര സ്ഥാപിക്കുന്നതിന് തിരുവനന്തപുരം തിരുമല വില്ലേജിൽ ബ്ലോക്ക് നമ്പർ 207ൽ റീസർവ്വേ നമ്പർ 148ൽപ്പെടുന്ന 10.12 ആർ സർക്കാർ ഭൂമി നൽകും. ഒരു ആറിന് 100 രൂപ നിരക്കിൽ ഗുരുദ്വാര ഗുരുനാനാക്ക് ദർബാർ എന്ന സൊസൈറ്റിയുടെ പേരിൽ നിബന്ധനകൾക്കു വിധേയമായി 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.

മെഡിസെപ്പിന് സ്റ്റേറ്റ് നോഡൽ സെൽ

ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന് ധനകാര്യ വകുപ്പിൽ സ്റ്റേറ്റ് നോഡൽ സെൽ രൂപീകരിക്കും. ആറാം ധനകാര്യ കമ്മീഷന് സൃഷ്ടിച്ച 6 താൽക്കാലിക തസ്തികകൾ നിലനിർത്തി പുനർവിന്യസിക്കും. 10 സാങ്കേതിക തസ്തികകൾ സൃഷ്ടിച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top