03 December Sunday

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തും, കണ്ണോത്ത്മലയിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം ...മന്ത്രിസഭായോഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

തിരുവനന്തപുരം > നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാർ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതിന് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്‌ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തും.

2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പരിപാടി. നവംബർ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എംഎൽഎമാർ നേതൃത്വം വഹിക്കും. സെപ്‌റ്റംബർ മാസത്തിൽ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴി ലാളികളും മഹിളകളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകൾ ആസൂത്രണം ചെയ്യും. മണ്ഡലം സദസിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും.

മണ്ഡലം സദസ്സിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമരസേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർത്ഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞെഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടിക ജാതിപട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, തെയ്യം കലാകാ രډന്മർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കലാസാംസ്‌കാരിക സംഘടനകൾ ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെയും പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്ററായി പാർലമെൻററികാര്യമന്ത്രിയെയും ചുമതലപ്പെടുത്തി. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാരെ എൽപ്പിക്കും. മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല അതാത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏൽപ്പിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്‌ടർക്കായിരിക്കും.

ധനസഹായം

വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ കണ്ണോത്ത് മല വാഹനാപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കും. മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 3 ലക്ഷം രൂപയുമാണ് അനുവദിക്കുക.

പീച്ചിഡാമിന്റെ റിസർവോയർ ഭാഗമായ ആനവാരി ഭാഗത്ത് 2023 സെപ്‌തംബർ 4ന് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

സാക്ഷരതാ മിഷൻ അതോറിറ്റിയെയും പ്രേരക്‌മാരെയും തദ്ദേശസ്വയംഭരണവകുപ്പിൻറെ ഭാഗമാക്കും

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്‌മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിൻറെ ഭാഗമാക്കും.  പ്രേരക്‌മാർക്ക് ഓണറേറിയം നൽകുന്നതു സംബന്ധിച്ച സർക്കാർ വിഹിതവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി വരെയുള്ള ഓണറേറിയം കുടിശ്ശിക നിലവിലെ പോലെ സാക്ഷരതാ മിഷൻ വിഹിതവും സർക്കാർ വിഹിതവും എന്ന നിലയിൽ കൊടുക്കുന്നതിന് അനുമതി നൽകി.

മിഷന്റെ തനതു ഫണ്ടുപയോഗിച്ച് സാക്ഷരതാ മിഷൻ നടത്തുന്ന കോഴ്‌സുകളുടെയും പരീക്ഷകളുടെയും അക്കാദമിക് ചുമതല നിലവിലുള്ളത് പോലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിലനിർത്തും. തദ്ദേശസ്വയം ഭരണ വകുപ്പ് ഏറ്റെടുക്കുന്നത് വരെയുള്ള ബാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് വഹിക്കേണ്ടതാണ്.
 
സർക്കാർ ഗ്യാരന്റി

ട്രാൻസ്ഫോർമേഴ്‌സ്‌ ആൻഡ് ഇലക്‌ട്രിക്കൽസ് കേരള ലിമിറ്റഡിന് ബാങ്കുകൾ / ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ സൗകര്യം ലഭിക്കുന്നതിന് 40 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

ആട്ടോകാസ്റ്റ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 10 കോടി രൂപ വായ്‌പ എടുക്കുന്നതിന് ഗവൺമെൻറ് ഗ്യാരന്റി അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പരിഷ്‌ക്കരിക്കും. ദേശസാൽകൃത ബാങ്കുകളിൽ നിന്നോ കെഎസ്ഐഡിസി / കെഎഫ്‌സി ഉൾപ്പെടെയുളള ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്‌പ എടുക്കുന്നതിന് ഗവൺമെൻറ് ഗ്യാരന്റി അനുവദിക്കും.

പരിഷ്‌ക്കരിക്കും

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ഏജ്യൂക്കേഷൻ ആൻറ് ടെക്നോളജിയിലെ കരാർ അധ്യാപകരുടെ കൺസോളിഡേറ്റഡ് പേ 01.11.2022 തിയ്യതി പ്രാബല്യത്തിൽ പരിഷ്‌ക്കരിക്കും.

മുദ്രവില ഒഴിവാക്കും

കേരള സിറാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ജില്ലയിലെ മുണ്ടയ്‌ക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 139, റീസർവ്വേ നം.4 -ൽ ഉൾപ്പെടുന്ന 20.23 ആർ വസ്‌തുവും അതിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളും കാപ്പക്‌സിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഉൾപ്പെടെയുള്ള തുകയായ 16,02,216 രൂപ ഒഴിവാക്കി നൽകും.

ഗവ. പ്ലീഡർ

ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറുടെ (ധനകാര്യം) ഒഴിവിലേയ്‌ക്ക് തൃപ്പുണിത്തുറ സ്വദേശി അഡ്വ. പി കെ ബാബുവിനെ നിയമിക്കാൻ തീരുമാനിച്ചു.

തസ്തിക

ആലപ്പുഴ, പോത്തപ്പള്ളി കെകെകെവിഎം ഹയർ സെക്കണ്ടറി സ്‌കൂളിൽ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ 6 തസ്‌തികകൾ പുതുതായി സൃഷ്‌ടിക്കാനും ഒരു തസ്‌തിക അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പ്രോജക്‌ട് മാനേജ്മെന്റ് യൂണിറ്റിൽ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചു. അസിസ്റ്റന്റ് ഡയറക്‌ടർ ( സോളിഡ് വേസ്റ്റ് മാനേജ്മെൻറ്), അസിസ്റ്റന്റ് ഡയറക്‌ടർ (പ്രോജക്‌ട്) എന്നീ തസ്‌തികകളാണ് സൃഷ്‌ടിക്കുക.

ഉത്തരവ് റദ്ദുചെയ്യും

തളിപ്പറമ്പ് കാനൂലിൽ പൊതുവിതരണ വകുപ്പിന് ഗോഡൗൺ നിർമ്മിക്കുന്നതിന് റവന്യു ഭൂമി കൈമാറിയ  ഉത്തരവ് റദ്ദുചെയ്യും. നിർമ്മാണത്തിന് അനുയോജ്യമല്ലാത്തതിനാലാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top