26 April Friday

കോർപറേഷനിലെ കോൺഗ്രസ്‌ അക്രമം വിജിലൻസ്‌ അന്വേഷണം ഭയന്ന്‌: സി എൻ മോഹനൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

കൊച്ചി > ബ്രഹ്‌മപുരം പ്ലാന്റ്‌ അറ്റകുറ്റപണി നടത്താതെ തകർത്തതിനും മാലിന്യമല സൃഷ്‌ടിച്ചതിനും വിജിലൻസ്‌ അന്വേഷണത്തിൽ ഉത്തരവാദിത്തം പറയേണ്ടി വരുമെന്നതുകൊണ്ടാണ്‌ കോർപറേഷൻതകർക്കാനും ജീവനക്കാരെ അപായപ്പെടുത്താനും കോൺഗ്രസ്‌ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. അക്രമ സമരം നടത്തി ജനശ്രദ്ധ തിരിച്ചുവിടാനുള്ള കോൺഗ്രസ്‌ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പ്രസ്‌താവനയിൽപറഞ്ഞു.

കൊച്ചി കോർപറേഷൻ സെക്രട്ടറി ഉൾപ്പടെ പത്തു ജീവനക്കാരെയാണ്‌ കോർപറേഷൻ ഓഫീസിനുമുന്നിൽ കോൺഗ്രസ്‌ അക്രമികൾ  ക്രൂരമായി മർദ്ദിച്ചത്‌. സംഭവം റിപ്പോർട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയും കോൺഗ്രസുകാർ വെറുതെവിട്ടില്ല. വ്യാഴാഴ്‌ച രാവിലെമുതൽ കോർപറേഷൻ ഓഫീസിന്‌ മുന്നിലും പരിസരത്തും  കോൺഗ്രസുകാർ അക്രമവും അസഭ്യവർഷവുമായി അഴിഞ്ഞാടുകയായിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പ്രകോപനപരമായ ഉദ്‌ഘാടന പ്രസംഗത്തെതുടർന്നാണ്‌ അക്രമം അരങ്ങേറിയത്‌. അക്രമത്തെ തുടർന്ന്‌ കോർപറേഷനിലേക്ക്‌ പോകാൻ കഴിയാതെ മാറിനിന്ന സെക്രട്ടറിയെയും ജീവനക്കാരെയും പിന്നാലെ ചെന്ന്‌ ആക്രമിക്കുകയും തല്ലിയോടിക്കുകയുമാണ്‌ ചെയ്‌തത്‌.

പ്ലാന്റിന്റെ ആരംഭംമുതലുള്ള നടപടികൾ വിജിലൻസ്‌ അന്വേഷിക്കുമെന്ന തീരുമാനമാണ്‌ കോൺഗ്രസ്‌ നേതാക്കളെ വിറളിപിടിപ്പിച്ചിരുക്കുന്നത്‌. പത്തുവർഷ യുഡിഎഫ്‌ കൗൺസിൽ ഭരണമാണ്‌ മാലിന്യമല തീർത്തത്‌. നഗരത്തിൽ മാലിന്യ നിർമാർജനത്തിന്‌ വികേന്ദ്രീകൃത സംവിധാനംതുടങ്ങിയതും ബ്രഹ്‌മപുരത്ത്‌ ആദ്യഘട്ട മാലിന്യസംസ്‌കരണ പ്ലാന്റ്‌  2009ൽ സ്ഥാപിച്ചതും വിപുലീകരണത്തിനായി  പല ഘട്ടങ്ങളിലായി നൂറിലേറെ ഏക്കർ സ്ഥലം വാങ്ങിയതും എൽഡിഎഫ്‌ കൗൺസിലിന്റെ കാലത്താണ്‌. പിന്നീടുവന്ന ടോണി ചമ്മണി മേയറായ യുഡിഎഫ്‌ കൗൺസിലാണ്‌ പ്ലാന്റ്‌ അറ്റകുറ്റപണി നടത്താതെ പ്രവർത്തനം നിർത്താൻ കാരണം.

കൊച്ചി നഗരത്തിലെ മാത്രമല്ല, സമീപത്തെ അഞ്ച്‌ തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം പ്ലാസ്‌റ്റിക്‌ വേർതിരിക്കാതെ ലോറിക്ക്‌ ബ്രഹ്‌മപുരത്ത്‌ മാലിന്യമല തീർക്കാൻ കരാർ നൽകുകയും കമീഷൻ വാങ്ങുകയും മാത്രമാണ്‌ യുഡിഎഫ്‌ കൗൺസിൽ ചെയ്‌തത്‌. തുടർന്നുവന്ന സൗമിനി ജെയിൻ മേയറായ യുഡിഎഫ്‌ കൗൺസിലും ഇതു തുടരുകയായിരുന്നു. ഹരിത ട്രിബ്യൂണലിന്റെ തുടർച്ചയായ വിധികളെതുടർന്ന്‌ പിണറായി സർക്കാരും പിന്നീടുവന്ന ഇപ്പോഴത്തെ എൽഡിഎഫ്‌ കൗൺസിലുമാണ്‌ ബ്രഹ്‌മപുരത്തെ മാലിന്യമല നീക്കി പുതിയ പ്ലാന്റ്‌ എന്ന ആശയം അംഗീകരിച്ചതും അതിനു കരാർ നൽകുകയും ചെയ്‌തത്‌ - സി എൻ മോഹനൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top