12 July Saturday

നേതൃത്വം സി എച്ചിനെ മറന്നു; ലീഗിനെ വിമര്‍ശിച്ച് ഫാത്തിമ തഹ്ലിയ

സ്വന്തംലേഖകന്‍Updated: Tuesday Sep 28, 2021

കോഴിക്കോട്> സി എച്ച് മുഹമ്മദ്  കോയയുടെ നിലപാടും ആദര്‍ശവും മുസ്ലിംലീഗ് നേതൃത്വം മറക്കുകയാണെന്ന് ഓര്‍മ്മിപ്പിച്ച് ഹരിത മുന്‍ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ. സി എച്ച് പഠിപ്പിച്ച പാതയാണ് പെണ്‍കുട്ടികള്‍ പിന്തുടരുന്നതെന്ന് നേതൃത്വം ഓര്‍ക്കണമെന്ന് ഫാത്തിമ വ്യക്തമാക്കി.

സിഎച്ചിന്റെ 38--ാം ചരമവാര്‍ഷിക വേളയില്‍ എഴുതിയ ലേഖനത്തിലാണ് സിഎച്ചിനെ മറക്കരുതെന്ന് എംഎസ്എഫ് മുന്‍ അഖിലേന്ത്യാ വൈസ്പ്രസിഡന്റ്കൂടിയായ ഫാത്തിമയുടെ മുന്നറിയിപ്പ്. പെണ്‍കുട്ടികള്‍ പഠിച്ചും നയിച്ചും കരളുറപ്പോടെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ വിമ്മിട്ടം തോന്നുന്നവരെന്ന് നേതൃത്വത്തെ ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. സിഎച്ച് ഏല്‍പിച്ച വസിയ്യത്താണ് തങ്ങള്‍ നിറവേറ്റുന്നത്-- 'സിഎച്ച് അങ്ങ് കണ്ട സ്വപ്നം വെറുതയല്ല' എന്ന ശീര്‍ഷകത്തില്‍   പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഫാത്തിമ നിലപാട് പരസ്യമാക്കി.

ഹരിതയുടെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഫാത്തിമയെ എംഎസ്എഫ് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഈയടുത്ത് ലീഗ് നേതൃത്വം ഇടപെട്ട് പുറത്താക്കിയിരുന്നു.എംഎസ്എഫ് സംസ്ഥാന  പ്രസിഡന്റിനെതിരായ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച ഹരിതയിലെ പ്രവര്‍ത്തകരെ പിന്തുണച്ചതിനായിരുന്നു നടപടി. എന്നാല്‍ അച്ചടക്ക നടപടിക്ക് ശേഷവും പരസ്യവിമര്‍ശനവുമായി ഫാത്തിമ രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നതാണ്.

 രണ്ടിന് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്.   ഈ സാഹചര്യത്തില്‍ സിഎച്ചിന്റെ ആദര്‍ശ വിചാരങ്ങളില്‍ നിന്ന് നേതൃത്വം വഴി തെറ്റിയെന്ന വിമര്‍ശനവും ഹരിത വിഷയവും പ്രവര്‍ത്തക സമിതിയില്‍ സജീവ ചര്‍ച്ചക്ക് വഴിതുറക്കും.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top