24 April Wednesday

സി എച്ച്‌ മേൽപ്പാലം 
അടയ്‌ക്കും; യാത്ര പൂർണമായി നിരോധിക്കും, തീരുമാനം ഇന്ന്

സ്വന്തം ലേഖകൻUpdated: Thursday Jun 8, 2023

സി എച്ച്‌ മേൽപ്പാലം

കോഴിക്കോട്‌ > നവീകരണം നടക്കുന്ന സി എച്ച്‌ മേൽപ്പാലം അടയ്ക്കുന്ന തീയതി സംബന്ധിച്ച് വ്യാഴാഴ്‌ച തീരുമാനമെടുക്കും. 10ന് ശേഷമായിരിക്കും പാലം അടയ്ക്കുക. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കുന്നതിനാണ്‌ അടയ്‌ക്കുന്നത്‌. യാത്ര പൂർണമായി നിരോധിക്കും. ഗാന്ധി റോഡ് മേൽപ്പാലത്തിലൂടെ ഉൾപ്പെടെ ഗതാഗതം തിരിച്ചുവിടും. ബുധനാഴ്‌ച ചേർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ട്രാഫിക്‌ പൊലീസ്‌ അധികൃതരുടെയും യോഗമാണ്‌ ഗതാഗത ക്രമീകരണത്തിൽ തീരുമാനമെടുത്തത്‌.
 
ഗതാഗത ക്രമീകരണം  ഇങ്ങനെ
 
● റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകൾ: ഒയിറ്റി റോഡ്, മോഡൽ സ്കൂൾ ജങ്‌ഷൻ വഴി ക്രിസ്ത്യൻ കോളേജ് ജങ്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് മേൽപ്പാലം കയറണം.
 
● ഗാന്ധിറോഡിൽനിന്ന്‌ വരുന്ന സിറ്റി ബസ്സുകൾ: ഗാന്ധി റോഡ് മേൽപ്പാലം കയറി മലബാർ ക്രിസ്ത്യൻ കോളേജ് കിഴക്ക് വശത്തുകൂടെ വയനാട് റോഡ് വഴി ബിഇഎം സ്‌കൂൾ സ്‌റ്റോപ്പിലൂടെ.
 
●സി എച്ച്‌ മേൽപ്പാലം കയറി കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ: എൽഐസി, വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാം ഗേറ്റ് കടന്ന് പോകണം. കൂടാതെ പാളയം, ലിങ്ക്‌ റോഡ്‌ വഴി റെയിൽവേ മേൽപ്പാലം കയറി കോടതി–- ബീച്ച് ഭാഗത്തേക്ക്.
 
●നടക്കാവ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: ഗാന്ധിറോഡ് മേൽപ്പാലം വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും.
 
●കണ്ണൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ ബീച്ച് റോഡ് വഴി കോടതി, കോർപറേഷൻ ഓഫീസ്, ബീച്ച് ഭാഗങ്ങളിലേക്ക്.
 
●പന്നിയങ്കര, മാങ്കാവ് തുടങ്ങി തെക്കുഭാഗത്തുനിന്ന്‌ ബീച്ച് ഭാഗത്തേക്കുള്ളവ: ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് മേൽപ്പാലം കയറി പോകണം.
 
●മലപ്പുറം, പാലക്കാട്, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്ന്‌ ബീച്ചിലേക്ക്‌ വരുന്നവ: സിറ്റിയിൽ പ്രവേശിക്കാതെ അരയിടത്തുപാലം, സരോവരം ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് നേരെ ഗാന്ധിറോഡ് മേൽപ്പാലം കയറണം. 
 
●വയനാട് ഭാഗത്തുനിന്ന്‌ ബീച്ചിലേക്ക്‌: സിറ്റിയിൽ പ്രവേശിക്കാതെ എരഞ്ഞിപ്പാലം, സരോവരം ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധിറോഡ് മേൽപ്പാലം കയറി പോകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top