26 April Friday

സി എച്ച് ബാല മോഹനൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

മയ്യഴി > പുതുച്ചേരിയിലെ സർക്കാർ ജീവനക്കാരുടെ സമരനേതാവും കോൺഫെഡറേഷൻ ഓഫ് പോണ്ടിച്ചേരി സ്റ്റേറ്റ് ഗവ.എംപ്ലോയീസ് അസോസിയേഷൻ ഹോണററി പ്രസിഡന്റുമായ സി.എച്ച് ബാലമോഹനൻ (74 ) അന്തരിച്ചു. വടകര സഹകരണ ആശുപത്രിയിൽ  ഞായർ പുലർച്ചെ 4.15 നായിരുന്നു അന്ത്യം. മൃതദേഹം മാഹി ജനറൽ ആശുപത്രിക്കടുത്ത ചാരോത്ത്‌ വീട്ടിലും മാഹി സ്‌പോട്‌സ്‌ ക്ലബിലും പൊതുദർശനത്തിന്‌ ശേഷം വൈകിട്ട്‌ പുതുച്ചേരിയിലേക്ക്‌ കൊണ്ടുപോവും. സംസ്‌കാരം പുതുച്ചേരിയിൽ തിങ്കളാഴ്‌ച വൈകിട്ട്‌.

അടിയന്തരാവസ്ഥകാലത്ത്‌ ക്രൂരമായ ഭേദ്യമുറകൾക്ക്‌ ഇരയായ സർവീസ്‌ സംഘടനാ നേതാവാണ്‌. മിസപ്രകാരം മാസങ്ങളോളം ജയിലിലായിരുന്നു. പുതുച്ചേരി ജിപ്‌മെർ സംരക്ഷിക്കാനും പുതുച്ചേരി തുറമുഖം വിൽപനക്കെതിരായുമുള്ള പോരാട്ടങ്ങൾക്കും നിയമയുദ്ധത്തിനും നേതൃത്വം നൽകി. പുതുച്ചേരിയെ തമിഴ്‌നാട്ടിൽ ലയിപ്പിക്കുന്നതിനെതിരായ സമരത്തിന്റെയും മുന്നണിയിലുണ്ടായി. ലയനവിരുദ്ധ സമരത്തിൽ അറസ്‌റ്റ്‌ ചെയ്‌തു കടലൂർ ജയിലിലടച്ചു.

കോൺഫെഡറേഷൻ ഓഫ്‌ പോണ്ടിച്ചേരി ഗവ. എംപ്ലോയീസ്‌ അസോസിയഷൻ സ്ഥാപക നേതാവാണ്‌. പുതുച്ചേരി സഹകരണ വകുപ്പിൽ എൽഡിസിയായാണ്‌ ജോലിയിൽ പ്രവേശിച്ചത്‌. 1982ലെ അഖിലേന്ത്യാപണിമുടക്കിൽ പങ്കെടുത്തതിന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടു. നിയമയുദ്ധത്തിലൂടെ നടപടി പിൻവലിപ്പിച്ചു. വിദ്യാഭ്യാസവകുപ്പിൽ നിന്ന്‌ അസിസ്‌റ്റന്റായി വിരമിച്ചു. 2011ൽ ലാസ്‌പേട്ട്‌ മണ്ഡലത്തിൽ നിന്ന്‌ പുതുച്ചേരി നിയമസഭയിലേക്ക്‌ മത്സരിച്ചു. ദീർഘകാലമായി സിപിഐ എം അംഗമാണ്‌. മാഹിയിൽ കെഎസ്‌വൈഎഫിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു.

മാഹി ജനറൽ ആശുപത്രിക്കടുത്ത ചാരോത്ത്‌ ഭവനത്തിൽ പരേതരായ ചാരോത്ത് കുഞ്ഞിക്കണ്ണന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ചന്ദ്രി (അസിസ്റ്റന്റ്‌, കൽവേ കോളജ് പുതുച്ചേരി). മകൻ: ഷൈജു. മരുമകൾ: നിശാന്തി. സഹോദരങ്ങൾ: രവീന്ദ്രനാഥ്, അശോക് കുമാർ, വിശാലാക്ഷി, കമലാക്ഷി, വിജയലക്‌ഷ്മി, സോമൻ, ആനന്ദൻ, പ്രസന്ന, പരേതനായ പത്മനാഭൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top