19 January Tuesday
4 ജില്ലയിൽ ഇന്ന്‌ റെഡ്‌ അലർട്ട്‌

ശ്രദ്ധിക്കൂ ; ബുറേവി കരയിലേക്ക്‌ ; തയ്യാറെടുക്കാം ജാഗ്രതയോടെ

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020

image credit windy.com


തിരുവനന്തപുരം
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ബുറേവി' ചുഴലിക്കാറ്റ് വെള്ളിയാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്ന്‌ മുന്നറിയിപ്പ്‌.  ശനിയാഴ്‌ചവരെ അതിതീവ്ര മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജാഗ്രതാ നടപടികൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു.

ശ്രീലങ്കയിലെ തീരപതനത്തിനുശേഷം ചുഴലിക്കാറ്റ്‌ തെക്കൻ തമിഴ്നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ശനിയാഴ്‌ചവരെ ഇത് തുടരും. കടൽ പ്രക്ഷുബ്ധമാകും.  അസാധാരണ ചുഴലിക്കാറ്റായതിനാൽ കൃത്യമായ സഞ്ചാരപഥം വരുംമണിക്കൂറുകളിലേ വ്യക്തമാകൂ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മണിക്കൂറിൽ 60 കിലോമീറ്ററിനു മുകളിൽ വേഗതയിൽ കാറ്റുണ്ടാകും. എറണാകുളത്തും ഇടുക്കിയിൽ ചിലയിടത്തും 30 മുതൽ 40 കിലോമീറ്ററാകും വേഗത. താഴ്‌ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും മലയോരമേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്‌ക്കും സാധ്യതയുണ്ട്‌.

ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകളെ  വിന്യസിച്ചു. എയർഫോഴ്സിന്റെ സജ്ജീകരണങ്ങൾ കോയമ്പത്തൂർ സുലൂർബേസിൽ ഒരുക്കി. നാവികസേനയും സജ്ജമാണ്‌.  24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി.  എല്ലാ ജില്ലയിലും ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേർന്നു. ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനമെടുക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി.

ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന്‌  2849 ക്യാമ്പ്‌ കണ്ടെത്തി.13 ക്യാമ്പിലായി 690 പേരെ മാറ്റി. സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളെ നേരിടാനായത് സർക്കാരിനൊപ്പം എല്ലാ ജനവിഭാഗങ്ങളും സഹകരിച്ച്‌, യോജിച്ചു പ്രവർത്തിച്ചതിനാലാണെന്നും ആ യോജിപ്പും കൂട്ടായ പ്രവർത്തനവുമാണ്‌ ഈ ഘട്ടത്തിലും വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകൾ തുറന്നു
മുൻകരുതലായി സംസ്ഥാനത്തെ ഡാമുകൾ തുറന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, അരുവിക്കര, കൊല്ലം ജില്ലയിലെ കല്ലട, ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള, പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി, വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമുകളാണ്‌ തുറന്നത്‌. നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. ചെറിയ ഡാമുകളിൽനിന്ന് വെള്ളം പുറത്തേക്ക് വിടേണ്ട സാഹചര്യം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളും തുടങ്ങി.

തയ്യാറെടുക്കാം ജാഗ്രതയോടെ
എല്ലാ അപകട സാധ്യതകളും മുന്നിൽകണ്ടുള്ള തയ്യാറെടുപ്പുകൾ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ, പോസ്റ്റുകൾ, വൈദ്യുത ലൈനുകൾ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങൾ പ്രതീക്ഷിക്കണം. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകൾ ബലപ്പെടുത്തണം.

മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കിൽ റേഡിയോ, ചാർജ്‌ ചെയ്ത മൊബൈലുകൾ, മരുന്ന്, അത്യാവശ്യ ആഹാര സാധനങ്ങൾ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം. ശനിയാഴ്‌ചവരെ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മഴയ്ക്കുശേഷമുണ്ടാകുന്ന വെള്ളക്കെട്ടുകൾ പലവിധ സാംക്രമിക രോഗങ്ങൾക്കിടയാക്കും. വീടിനുചുറ്റും പറമ്പിലും പൊതുയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കണം.
ആരോഗ്യസംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും കോവിഡിനെതിരെയുള്ള പോരാട്ടത്തിലായതിനാൽ ജനങ്ങളുടെ ഭാഗത്തുനിന്ന്‌ വിട്ടുവീഴ്ചയില്ലാത്ത മുൻകരുതൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

4 ജില്ലയിൽ ഇന്ന്‌ റെഡ്‌ അലർട്ട്‌
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്‌ച റെഡ് അലർട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മില്ലീ മീറ്ററിൽ കൂടുതൽ മഴയുണ്ടാകും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച്‌ അലർട്ടാണ്‌ (അതിശക്തമായ മഴ). വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ടാണ്‌. വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃശൂർ, പാലക്കാട്  ജില്ലകളിലും ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top