23 April Tuesday

ചമ്പക്കുളത്ത്‌ മടവീഴ്‌ച; രണ്ട്‌ വീട്‌ തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീഴ്ചയെത്തുടർന്ന് മുപ്പത്തഞ്ചിൽച്ചിറ ജയകുമാറിന്റെ വീട് തകർന്ന നിലയില്‍

മങ്കൊമ്പ് > മടവീണ് ചമ്പക്കുളത്ത്‌ രണ്ട്‌ വീട്‌ തകർന്നു. ആളപായമില്ല. ശനി രാത്രിയിലും ഞായർ പുലർച്ചെയുമായാണ്‌ വീട്‌ തകർന്നത്. ഞായർ രാവിലെ ആറോടെയാണ് ചമ്പക്കുളം പഞ്ചായത്ത് നാലാം വാർഡിലെ തെക്കേക്കര മൂലംപള്ളിക്കാട് പാടശേഖരത്തിൽ മടവീണത്. പാടത്തോട് ചേർന്നുള്ള നൂറുപറച്ചിറ ഓമനക്കുട്ടന്റെ വീടാണ് വെള്ളപ്പാച്ചിലിൽ തകർന്നത്. ശനി രാത്രി ബണ്ടിൽ അള്ള വീണയുടനെ നാട്ടുകാരും വാർഡംഗവും മുൻകൈയെടുത്ത് ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു.
 
സിമന്റ് കട്ടകൊണ്ട് കെട്ടിയ വീട്ടിലെ മുഴുവൻ സാധനങ്ങളും നഷ്‌ടപ്പെട്ടെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സഹോദരന്റെ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. 160 ഏക്കർ വരുന്ന പാടത്ത് രണ്ടാം കൃഷിക്കായി നിലമൊരുക്കൽ പൂർത്തിയായപ്പോഴാണ് മടവീഴ്‌ച. പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആറുന്നൂറ് ചക്കംകരി പാടത്ത്‌ ശനി രാത്രി 9.30 ഓടെയാണ്‌ മടവീണത്. ശക്തമായ വെള്ളപ്പാച്ചിലിൽ സമീപത്തുള്ള മുപ്പത്തഞ്ചിൽചിറ വീട്ടിൽ ജയകുമാറിന്റെ വീടിന്റെ അടിത്തറയിളകി ഒരു ഭാഗത്തേക്ക് ചരിഞ്ഞ നിലയിലാണ്. വീട്ടുസാധനങ്ങളെല്ലാം നശിച്ചു.
 
വീട് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വളർത്തിയിരുന്ന രണ്ട് ആടുകളെ മാത്രമാണ് രക്ഷപ്പെടുന്നതിനിടെ വീട്ടിൽനിന്ന്‌ എടുക്കാൻ സാധിച്ചതെന്ന് ജയകുമാർ പറഞ്ഞു. 155 ഏക്കർ വരുന്ന പാടത്ത് രണ്ടാംകൃഷി ഇറക്കിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. മടവീണതോടെ 88 കർഷകർ ചേർന്നിറക്കിയ കൃഷി പൂർണമായും വെള്ളത്തിലായി. വെള്ളമിറങ്ങാൻ വൈകുന്നത്തോടെ കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കിയ പല പാടശേഖരങ്ങളും മടവീഴ്‌ചാ ഭീഷണിയിലാണ്.
 
പുറംബണ്ട് ബലപ്പെടുത്താൻ കാര്യമായ പ്രവർത്തനമൊന്നും നടക്കുന്നില്ലെന്നത് കർഷകരെ ആശങ്കയിലാഴ്‌ത്തുന്നു. നെടുമുടി പൊങ്ങ പാടശേഖരത്തിൽ തായിപ്പള്ളി നാൽപ്പതിൽച്ചിറ ഭാഗത്ത് പുറംബണ്ടിൽ അള്ള രൂപപ്പെട്ടിട്ടുണ്ട്. വിത കഴിഞ്ഞിട്ട്‌ രണ്ടാഴ്‌ച ആയിട്ടേയുള്ളൂ. കർഷകരുടെ പരിശ്രമത്താൽ വിള്ളൽ അടച്ചെങ്കിലും മടവീഴ്‌ചാഭീഷണി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷവും ഇവിടെ മടവീണിരുന്നു. കൈനകരി കൃഷിഭവൻ പരിധിയിലെ ആറുപങ്ക്, ചെറുകാലി കായൽ എന്നിവിടങ്ങളിലും മടവീഴ്‌ചയുണ്ട്‌.
 
ദുരിതമൊഴിയുന്നില്ല
 
മഴ മാറിയെങ്കിലും കുട്ടനാടിന്റെ ദുരിതം മാറുന്നില്ല. ഞായർ രണ്ടിടത്ത്​ മടവീണു. കനത്തമഴയിൽ ഇതുവരെ 30 വീട്‌ ​നശിച്ചു​. ഇതിൽ മൂന്നെണ്ണം പൂർണമായി തകർന്നു​. ദുരിതം ഇരട്ടിയായ കുട്ടനാട്​, കാർത്തികപ്പള്ളി മേഖലയിൽ കൂടുതൽ കഞ്ഞിവീഴ്​ത്തൽ കേന്ദ്രങ്ങൾ തുറന്നു. ജില്ലയിൽ 276 കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങളുണ്ട്‌​. കുട്ടനാട് - ​261, കാർത്തികപ്പള്ളി -15​. 24,110 കുടുംബങ്ങളിലെ 96,137 പേർക്ക്​ ഭക്ഷണം വിതരണംചെയ്യുന്നു​. 45 ദുരിതാശ്വാസക്യാമ്പാണ്‌ പ്രവർത്തിക്കുന്നത്‌​. 593 കുടുംബങ്ങളിലായി 2058 പേരുണ്ട്‌​.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top