24 April Wednesday

ബുള്ളറ്റ്‌ ‘ആശാനും’ ശിഷ്യരും യാത്രയിലാണ്‌; ബുള്ളറ്റ്‌ ഓടിക്കുന്ന വനിതകളുടെ കൂട്ടായ്‌മ

ശ്രീരാജ‌് ഓണക്കൂർUpdated: Sunday Jan 17, 2021

കൊച്ചി > തലയെടുപ്പുള്ള ആനപ്പുറത്ത്‌ കയറിയാൽ എന്തുതോന്നും? അതേ അനുഭവമാണ്‌ ബുള്ളറ്റിൽ പോകുമ്പോൾ ലഭിക്കുന്നതെന്ന്‌ എളംകുളം സ്വദേശിനി സോണിയ ഗ്രേഷ്യസ്‌. ബുള്ളറ്റ്‌ ഓടിക്കുന്ന വനിതകളുടെ കൂട്ടായ്‌മയായ ‘ബൈക്ക്‌ ആൻഡ്‌ ബുള്ളറ്റ്‌ ലേഡിറൈഡേഴ്‌സി’ന്റെ ക്യാപ്‌റ്റനാണ്‌ സോണിയ. ബുള്ളറ്റ്‌ കൂട്ടായ്‌മ മൂന്നാംവർഷത്തിലേക്ക്‌ കടന്നതിന്റെ സന്തോഷത്തിലാണ്‌ സോണിയയും കൂട്ടുകാരും. ‌കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം വനിതകൾ ക്ലബ്ബിൽ അംഗങ്ങളാണ്‌.

ജ്വല്ലറി ഉടമയായ അച്ഛൻ ഗ്രേഷ്യസാണ്‌‌ 14 വയസ്സുള്ളപ്പോൾ സോണിയയെ ബൈക്ക് ‌ഓടിക്കാൻ പഠിപ്പിച്ചത്‌‌. 2005ൽ‌ ബുള്ളറ്റ്‌ ഓടിക്കാൻ പഠിപ്പിച്ചു‌. ബുള്ളറ്റിന്റെ ഭാരം ആദ്യം പ്രശ്‌നമായി തോന്നി. പക്ഷേ, രാജകീയയാത്ര ഇഷ്ടപ്പെട്ടതോടെ മറ്റ്‌ ബൈക്കുകൾ ഉപേക്ഷിച്ചു. നാലുവർഷംമുമ്പ്‌ ഇൻസ്‌റ്റഗ്രാമിൽ ബുള്ളറ്റ്‌ ട്രെയിനറായി പേജ്‌ തുടങ്ങി. നിരവധി ഫോളോവേഴ്‌സിനെ ലഭിച്ചു.

നൂറോളംപേരുടെ ബുള്ളറ്റ്‌ ‘ആശാനാ’കാൻ കഴിഞ്ഞു. ഇവരെയെല്ലാം ചേർത്ത്‌ ഒരു ക്ലബ്‌ തുടങ്ങിയാലോ എന്ന ചിന്തയിൽനിന്നാണ്‌‌ ‘ബൈക്ക്‌ ആൻഡ്‌ ബുള്ളറ്റ്‌ റൈഡേഴ്‌സി’ന്റെ തുടക്കം. അംഗങ്ങൾ സോണിയയെ വിളിക്കുന്നത്‌ ‘ആശാൻ’ എന്നാണ്‌.

കഴിഞ്ഞ റിപ്പബ്ലിക്‌ ദിനത്തിൽ ഇടുക്കി പാൽക്കുളമേട്ടിലേക്ക്‌ സംഘം യാത്ര പോയി. റോഡുപോലും ഇല്ലാത്ത നാലു കിലോമീറ്റർ ബുള്ളറ്റിൽ താണ്ടിയത്‌ മറക്കാനാകാത്ത അനുഭവമായി. നാലുദിവസം നീണ്ട ബംഗളൂരു യാത്ര കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാക്കി. ക്ലബ്ബിനെ വച്ച്‌ ഷെൽ പെട്രോളിയം കമ്പനി തയ്യാറാക്കുന്ന പരസ്യചിത്രീകരണത്തിനായിരുന്നു യാത്ര. ന്യൂ ഇയർ പ്രമാണിച്ച്‌ കടമക്കുടിയിലേ‌ക്ക്‌ ബുള്ളറ്റ്‌ ചങ്ങാടത്തിൽ‌ ഓടിച്ചുകയറ്റി പോയതാണ്‌‌ അവസാന ട്രിപ്പ്‌.

ക്ലബ്ബിൽ ചേരാൻ ഫെയ്‌സ്‌ബുക്‌ പേജിലുള്ള നമ്പറിൽ ബന്ധപ്പെടാം. ഗിയറുള്ള ടുവീലർ ഓടിക്കാനുള്ള ലൈസൻസ്‌ നിർബന്ധമാണ്‌.‌ സംഘത്തിന്റെ കൂടിച്ചേരലുകളിലും ട്രിപ്പുകളിലും പങ്കെടുപ്പിച്ചശേഷംമാത്രം അംഗത്വം നൽകും. ബുള്ളറ്റ്‌ ഓടിക്കാൻ പഠിച്ച ശിഷ്യർക്ക്‌ കൂടുതൽ ആത്മവിശ്വാസം കൈവന്നതായി സോണിയ. ജീവിതത്തിൽ എന്തു പ്രതിസന്ധിയും തരണം ചെയ്യാമെന്ന്‌ അവർ തിരിച്ചറിഞ്ഞതായും ‘ആശാൻ’ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top