25 April Thursday

ബഫർസോൺ വിധി 
ഭേദഗതി ചെയ്യും ; കേരളത്തിന്റെ ആശങ്ക പരിഹരിക്കുമെന്ന്‌ 
സുപ്രീംകോടതി

എം അഖിൽUpdated: Thursday Mar 16, 2023


ന്യൂഡൽഹി
വന്യജീവിസങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ (കരുതല്‍മേഖല) നിർബന്ധമാക്കിയ മുന്‍ ഉത്തരവിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്ന്‌ സുപ്രീംകോടതി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന രീതിയിലുള്ള ഭേദഗതി വരുത്തുമെന്ന്‌ ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ അറിയിച്ചു. മുൻ ഉത്തരവിൽ ഭേദഗതികൾ ആവശ്യപ്പെട്ട ഹർജികള്‍ വിധി പറയാൻ മാറ്റി.

അതേസമയം, ഖനനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബഫർസോണിന്‌ ഒരു കിലോമീറ്റർ അപ്പുറം മതിയെന്ന മുൻനിലപാടിൽ മാറ്റമുണ്ടാകില്ലെന്ന്‌ സുപ്രീംകോടതി അറിയിച്ചു. ബഫർസോൺ വിധി കേരളത്തിൽ സൃഷ്ടിച്ച ആശങ്ക സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌തയും സ്റ്റാൻഡിങ്‌ കോൺസൽ നിഷേ രാജൻ ഷൊങ്കറും അക്കമിട്ട്‌ നിരത്തി. കേരളത്തിന്റെ ഭൂവിസ്‌തൃതിയിൽ 30 ശതമാനവും വനമാണ്‌. വനാതിർത്തിയോട്‌ ചേർന്നുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ലക്ഷക്കണക്കിന്‌ ആളുകൾ വസിക്കുന്നു. ബഫർസോൺ വിധിയിലൂടെ പാർപ്പിടവും ഉപജീവനവും നഷ്ടമാകുമെന്ന ആശങ്കയിലാണ്‌ ജനങ്ങൾ.  ഉത്തരവ്‌ നടപ്പാക്കിയാൽ ലക്ഷക്കണക്കിനാളുകളെ പുനരധിവസിപ്പിക്കേണ്ടി വരും. അതിനുള്ള സ്ഥലമോ സൗകര്യമോ കേരളത്തിലില്ല. ബഫർസോൺ മേഖലയിൽ നിർമാണപ്രവർത്തനങ്ങൾക്ക്‌ അനുമതി വേണം. വനത്തെ ആശ്രയിച്ച്‌ കഴിയുന്ന പട്ടികവർഗക്കാരുടെയും മറ്റ്‌ സമുദായങ്ങളുടെയും അവകാശം സംരക്ഷിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

ബഫർസോൺ വിഷയത്തിൽ കേരളത്തിലെ വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും 17 ശുപാർശ സംസ്ഥാനം കേന്ദ്രത്തിന്‌ കൈമാറി. ഒരു ശുപാർശയിൽ കേന്ദ്രം അന്തിമവിജ്ഞാപനം ഇറക്കി. 16 ശുപാർശയിൽ കരട്‌ വിജ്ഞാപനവും ഇറങ്ങി. ഈ സാഹചര്യത്തിൽ കേരളം നൽകിയ ശുപാർശകളുടെ  അടിസ്ഥാനത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.       ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളും സുപ്രീംകോടതി ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top