25 April Thursday
വിധി കേരളത്തിന്‌ ആശ്വാസം, സർക്കാർവാദം കോടതി അംഗീകരിച്ചു

ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കും: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


ന്യൂഡൽഹി   
ബഫർസോൺ പരിധിയിൽ നിന്ന്‌ ജനവാസമേഖലകളെ ഒഴിവാക്കി, മുൻഉത്തരവ്‌ ഭേദഗതിചെയ്യുമെന്ന്‌ വ്യക്തമായ സൂചനനൽകി സുപ്രീംകോടതി. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ്‌ ബഫർസോണാക്കിയ വിധിയിൽ ഇളവ്‌തേടി കേരളമടക്കം നൽകിയ ഹർജിയിലെ വിധി പറയവെയാണ്‌ ഈ സൂചന. മൂന്നംഗ ബെഞ്ചിന്റെ മുൻ ഉത്തരവ്‌ രണ്ടംഗബെഞ്ചിന്‌ തിരുത്താനാകാത്തതിനെ തുടർന്ന്‌ വിഷയം  മൂന്നംഗ ബെഞ്ചിന്‌ വിട്ടു. ബഫർസോൺവിധി കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങളെ ഏതെല്ലാംവിധം  ബാധിക്കുന്നുവെന്ന്‌ സംസ്ഥാന സർക്കാർ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണിത്‌. വിധി കേരളത്തിന്‌ ആശ്വാസമായി.

2022 ജൂൺ മൂന്നിനാണ്‌ ജസ്‌റ്റിസ്‌ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ബഫർസോണിൽ വിധി പ്രസ്‌താവിച്ചത്‌. വിധിയിൽ വ്യക്തത തേടിയുള്ള കേന്ദ്രത്തിന്റെ ഹർജിയും സംസ്ഥാന സർക്കാർ സമർപ്പിച്ച ഇടപെടൽ ഹർജിയും പരിഗണിച്ചത്‌   രണ്ടംഗ ബെഞ്ചാണ്‌. മൂന്നംഗ ബെഞ്ചിന്റെ വിധി തിരുത്താൻ സാങ്കേതികമായി രണ്ടംഗബെഞ്ചിന്‌ കഴിയാത്തതിനാലാണ്‌ പ്രശ്‌നപരിഹാരത്തിന്‌ മൂന്നംഗ ബെഞ്ചിലേക്ക്‌ വിട്ടത്‌. മൂന്നംഗ ബെഞ്ചിനെ ചീഫ്‌ജസ്‌റ്റിസ്‌ തീരുമാനിക്കും. ജസ്‌റ്റിസ്‌ ബി ആർ ഗവായ്‌ ബെഞ്ചിൽ അംഗമായിരിക്കും. 


 

വിധി  ജനങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന്‌ സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത വിവരിച്ചു.  സുൽത്താൻബത്തേരി നഗരത്തിന്റെ 80 ശതമാനവും മംഗള വനത്തിന്‌ സമീപത്തായുള്ള കേരള ഹൈക്കോടതിയും ബഫർസോണിലാണ്‌ വരിക. ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ പ്രായോഗിമല്ല. സാഹചര്യം കണക്കിലെടുത്ത്‌ ഇളവ്‌ അനുവദിക്കണം. കരടുവിജ്‌ഞാപനം ഇറങ്ങിയ മേഖലകളെയും ഒഴിവാക്കണമെന്നും- സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

ഖനനത്തിന്‌ നിയന്ത്രണം ഏർപ്പെടുത്താനാണ്‌ ഉദ്ദേശിച്ചിരുന്നതെന്ന്‌ ജസ്‌റ്റിസ്‌ ഗവായ്‌ പറഞ്ഞു. നിലവിലെ ഉത്തരവിൽ മാറ്റങ്ങൾ കൊണ്ടുവരാമെന്നും കോടതി പറഞ്ഞു. അതിനിടെ, ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട സങ്കീർണതകളും പ്രശ്‌നങ്ങളും യഥാസമയം ശ്രദ്ധയിൽപ്പെടുത്താതിരുന്നതെന്തെന്ന്‌ ജസ്‌റ്റിസുമാരായ ബി ആർ ഗവായ്‌, വിക്രം നാഥ്‌ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച്‌ കേന്ദ്രത്തോട്‌  ചോദിച്ചു. രാജസ്ഥാൻ കേസായതിനാലാണ്‌ ഇടപെടാനാകാതെ പോയതെന്ന്‌ കേന്ദ്രം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top