25 April Thursday

വിലക്കയറ്റം ലഘൂകരിക്കുന്നതില്‍ കേരളം മാതൃക; കെജരിവാള്‍ കേരളത്തില്‍ നിന്ന് പഠിക്കണം: ബൃന്ദ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കണ്ണൂര്‍> വിലക്കയറ്റം ലഘൂകരിക്കുന്നതില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പതിമൂന്ന് അവശ്യസാധനങ്ങളുടെ വില വര്‍ഷങ്ങളായി വര്‍ധിപ്പിക്കാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ മാവേലി സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നത്.

 വിപണിവിലയേക്കാള്‍ 30 മുതല്‍ 50 ശതമാനത്തോളം കുറവില്‍ സര്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഗോതമ്പ് ശേഖരിക്കാതെ വന്‍കിട വ്യാപാരികള്‍ക്ക് ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രമെന്നും ബൃന്ദ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ.

 ഭരണഘടനയല്ല ബുള്‍ഡോസറാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രതീകം. ഒരു യന്ത്രം എന്ന നിലയിലല്ല ബുള്‍ഡോസറിനെ കാണേണ്ടത്. അത് കേന്ദ്രസര്‍ക്കാരിന്റെ  രാഷ്ട്രീയ അജന്‍ഡയുടെയും ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെയും പ്രതീകമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെ അടിവേരറുക്കുന്ന നിലപാടുകളാണ് അവര്‍ നടപ്പാക്കുന്നത്. ആരാധനാലയങ്ങള്‍ പോലും സങ്കുചിതരാഷ്ട്രീയകേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബൃന്ദ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പങ്കെടുത്തു.

കെജ്രിവാള്‍ കേരളത്തില്‍ നിന്ന് പഠിക്കണം

 

കണ്ണൂര്‍> ജനക്ഷേമത്തിന്റെ മികച്ച മാതൃകയായി സ്വയം വാഴ്ത്തുന്ന ആം ആദ്മി പാര്‍ടിയും കെജ്രിവാളും കേരളത്തിന്റെ വികസനമാതൃക പഠിക്കണമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.  ബിജെപിയുടെ രാഷ്ട്രീയ അനീതികളെ ചെറുക്കുന്നതില്‍ ശക്തമായ നിലപാടെടുക്കാന്‍ കെജ്രിവാളിനു ഇതുവരെ സാധിച്ചിട്ടില്ല. ബുള്‍ഡോസര്‍ രാജ് നടപ്പാക്കി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ പോലും അദ്ദേഹം തയ്യാറായത്.

 കേരളത്തില്‍ വാണിജ്യസ്ഥാപനവുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ പാര്‍ടിക്ക് യോജിച്ചതല്ല. തൃക്കാക്കരയില്‍ ഇടതുപക്ഷം വളരെ പ്രതീക്ഷയോടെ പ്രചരണരംഗത്ത് മുന്നേറുകയാണെന്നും ബൃന്ദ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top