19 March Tuesday

കേന്ദ്ര സർക്കാർ കാണുന്നുണ്ടോ ഇവരുടെ ദുരിതം ; തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സങ്കടങ്ങൾ കേട്ട്‌ 
ബൃന്ദ കാരാട്ട്‌

ജസ്‌ന ജയരാജ്‌Updated: Monday Jul 4, 2022

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആറളം ഫാമിലെ തൊഴിലുറപ്പ്‌ തൊഴിലാളികളുമായി സംസാരിക്കുന്നു.


കണ്ണൂർ
‘‘ഇത്രയും ദൂരം കല്ല്‌ ചുമന്നുവന്ന്‌ പണിയെടുത്ത്‌ വീട്ടിൽ ചെല്ലുമ്പോൾ ഭയങ്കര മേലുവേദനയാ. പോരാത്തതിന്‌ മറ്റ്‌ അസുഖങ്ങളും. കിട്ടുന്ന കൂലി ആശുപത്രിയിൽ കൊടുക്കാനേ ഉണ്ടാകൂ. കിട്ടിയ സ്ഥലത്ത്‌ എന്തേലും കൃഷിചെയ്യാമെന്നുവച്ചാൽ മൃഗങ്ങളെക്കൊണ്ടുള്ള ശല്യം ഒരിക്കലും തീരുന്നില്ല. പണിയെടുക്കാൻ ഞങ്ങൾക്ക്‌ മടിയില്ല. പണി കിട്ടാത്ത പ്രയാസമേയുള്ളൂ.’’ –-ആറളം ഫാം പത്താം ബ്ലോക്ക്‌ തൊഴിലുറപ്പ്‌ പദ്ധതിയിലെ തൊഴിലാളി ഷീബ ഉള്ളിലെ സങ്കടങ്ങളെല്ലാം ബൃന്ദ കാരാട്ടിന്റെ മുന്നിൽ തുറന്നുവച്ചു. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാനാണ്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ആറളം ഫാമിൽ കയ്യാല നിർമാണത്തിലേർപ്പെട്ട തൊഴിലാളികളെ സന്ദർശിച്ചത്‌.

തൊഴിലുറപ്പ്‌ പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ തൊഴിലുറപ്പു തൊഴിൽ ഉണ്ടായിട്ടും ജീവിതം കരപറ്റാത്ത ഒരുകൂട്ടം മനുഷ്യർ ബൃന്ദയ്‌ക്കുചുറ്റുമിരുന്ന്‌ സങ്കടങ്ങൾ പറഞ്ഞു. തോരാതെപെയ്‌തുകൊണ്ടിരുന്ന മഴപോലെ അവരുടെ തീരാത്ത കഷ്‌ടപ്പാടുകൾ പണിതീരാത്ത വീട്ടിലിരുന്ന്‌ ബൃന്ദ കേട്ടു.

‘‘കൃഷിയാണ്‌ ഞങ്ങൾക്ക്‌ നല്ലോണം അറിയാവുന്ന പണി. പക്ഷേ, കാട്ടാന എല്ലാം കൊണ്ടു പോകും. അഞ്ചേക്കർ സൗരോർജവേലി ഉണ്ടാക്കിയാൽ കുറേ പ്രശ്‌നം തീരും’’ –-രമണി പറഞ്ഞു. കാട്ടാനയെ തടയാൻ ട്രഞ്ചിങ്‌ സംവിധാനം ഉണ്ടാക്കിക്കൂടെയെന്ന ബൃന്ദയുടെ ചോദ്യത്തിന്‌, അതും കാട്ടാന തകർക്കുമെന്ന്‌ അവർ മറുപടി പറഞ്ഞു. തൊഴിലുറപ്പിൽ കയ്യാല നിർമാണത്തൊഴിൽ ചെയ്യുന്നവർക്ക്‌ അധികവേതനം നൽകുന്നില്ലെന്നാണ്‌ നാരായണൻ പറഞ്ഞത്‌.  ‘‘വാഹനസൗകര്യമില്ലാത്തതിനാൽ ഫാമിനുപുറത്ത്‌ ഒരു ജോലിക്കും പോകാനാകില്ല. പച്ചക്കറി വാങ്ങാനുള്ളതിനേക്കാൾ പൈസ വേണം പച്ചക്കറിക്കടവരെയെത്താൻ. വെള്ളം ചുമന്ന്‌ വീട്ടിൽ കൊണ്ടുവന്ന്‌ ആഹാരമുണ്ടാക്കുന്നവരാണ്‌ കൂടുതലും. തൊഴിലുറപ്പ്‌ പണിയിൽ കൂലികൂട്ടണം. ജാേലി സമയം കുറയ്‌ക്കണമെന്നും നാരായണൻ  പറഞ്ഞു.

വർഷത്തിൽ 200 തൊഴിൽദിനം ആദിവാസിവിഭാഗത്തിൽപ്പെട്ടവരുടെ അവകാശമാണെന്ന്‌ ബൃന്ദ പറഞ്ഞു. ആറളംപോലുള്ള ഉൾപ്രദേശത്തിന്റെ ജീവിതത്തിനനുസരിച്ച്‌ ഇവിടുത്തെ മനുഷ്യരുടെ തൊഴിലും പാകപ്പെടേണ്ടത്‌ അത്യാവശ്യമാണെന്നും അതിനായുള്ള പോരാട്ടും തുടരുമെന്നും അവർ പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശൻ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, പി റോസ, എം ടി റോസമ്മ, കെ ജി ദിലീപ്‌, ഇ എസ്‌ സത്യൻ, കെ കെ ജനാർദനൻ, പി കെ രാമചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top