27 April Saturday

ത്രീസ്‌റ്റാർ ഹോട്ടലുകളിൽനിന്ന്‌ കോഴ: ടൂറിസം മുൻ ഉദ്യോഗസ്ഥനടക്കം 3 പേർക്ക്‌ തടവും പിഴയും

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

കൊച്ചി> ഹോട്ടലുകളുടെ ത്രീസ്‌റ്റാർ ലൈസൻസ്‌ പുതുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ മുൻ ടൂറിസം ഇൻഫർമേഷൻ ഓഫീസർക്ക്‌ പ്രത്യേക സിബിഐ കോടതി മൂന്നുവർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു.  ഇന്ത്യാ ടൂറിസത്തിന്റെ വില്ലിങ്‌ഡൺ ഐലൻഡ്‌ ഓഫീസിൽ ഇൻഫർമേഷൻ ഓഫീസറായിരുന്ന കെ എസ്‌ സാബുവിനാണ്‌ തടവും പിഴയും.

കണ്ണൂരിലെ ഹോട്ടൽ വിന്റേജ്‌ റസിഡൻസി മാനേജിങ് പാർട്‌ണർ എൻ കെ നിഗേഷ്‌ കുമാർ, കണ്ണൂരിലെതന്നെ ഹോട്ടൽ ലിൻഡാസ്‌ റസിഡൻസി മാനേജിങ് പാർട്‌ണർ ജയിംസ്‌ ജോസഫ്‌ എന്നിവരെ ഓരോവർഷം തടവിനും 50,000 രൂപവീതം പിഴയ്‌ക്കും ശിക്ഷിച്ചു. കേസിലെ രണ്ടാംപ്രതിയാണ്‌ കെ എസ്‌ സാബു. ഒന്നാംപ്രതിയും ഇന്ത്യാ ടൂറിസം അസി. ഡയറക്‌ടറുമായ എൻ വേൽമുരുകനെ കുറ്റവിമുക്തനാക്കി.  ക്രോണിഷേ ഹോസ്‌പിറ്റാലിറ്റി പ്രൈവറ്റ്‌ ലിമിറ്റഡ്‌ കോട്ടയ്‌ക്കൽ, പേൾ വ്യൂ റീജൻസി തലശേരി, കെ കെ ലിഷേഴ്‌സ്‌ ആൻഡ്‌ ടൂറിസം ഇന്റർനാഷണൽ കണ്ണൂർ എന്നിവയ്‌ക്ക്‌ 55,000 രൂപവീതം പിഴ വിധിച്ചു.

2011 ലാണ്‌ കേസിനാസ്‌പദമായ സംഭവം. കൊച്ചിയിൽ ഇന്ത്യാ ടൂറിസം ഓഫീസർ ഇൻചാർജായിരുന്ന വേൽമുരുകൻ ഹോട്ടലുകളുടെ ത്രീസ്‌റ്റാർ ലൈസൻസ്‌ പുതുക്കാനുള്ള പ്രത്യേക സമിതി അംഗവുമായിരുന്നു. വില്ലിങ്‌ഡൺ ഐലൻഡിലെ ഇന്ത്യാ ടൂറിസം ഓഫീസിൽ ഇൻഫർമേഷൻ ഓഫീസറായിരുന്ന സാബു പിന്നീട്‌ ഹോട്ടൽ ക്ലാസിഫിക്കേഷന്റെ ചുമതലയും വഹിച്ചു. ഇക്കാലത്താണ്‌ ഇരുവരും ചേർന്ന്‌ ഗൂഢാലോചന നടത്തിയത്‌.

ഹോട്ടലുകളിൽ പരിശോധന നടത്തിയ വേൽമുരുകൻ ഉടമകളെ ഓഫീസിൽ വിളിച്ചുവരുത്തി കോഴ ആവശ്യപ്പെട്ടു. 2011 ഒക്‌ടോബറിൽ  ഇന്ത്യാ ടൂറിസം ഓഫീസിൽ സിബിഐ നടത്തിയ മിന്നൽ പരിശോധനയിൽ സാബു പിടിയിലായി. ഇയാളുടെ പക്കൽനിന്ന്‌ കണക്കിൽപ്പെടാത്ത 4,72,500 രൂപയും നിരവധി വിലപിടിച്ച സമ്മാനങ്ങളും വിദേശമദ്യക്കുപ്പികളും സിബിഐ പിടിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top