09 December Saturday
ഇ– മെയിൽ വിലാസവും വ്യാജം

കൈക്കൂലിയാരോപണം : ആരോഗ്യമന്ത്രിയുടെ ഓഫീസ്‌ പരാതി നൽകി , പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗം കന്റോൺമെന്റ്‌ 
പൊലീസിൽ മൊഴി നൽകി

സ്വന്തം ലേഖികUpdated: Wednesday Sep 27, 2023


തിരുവനന്തപുരം
പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തി ജോലി വാഗ്ദാനംചെയ്ത്‌ പണം തട്ടിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ്‌ ഡിജിപിക്ക്‌ പരാതി നൽകി. മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പേരിലാണ്‌ തട്ടിപ്പ്‌. ആയുഷില്‍ താൽക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദാണ്‌ ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതിപ്പെട്ടത്‌. നിപാ പ്രതിരോധത്തിന്റെ  ഭാഗമായി കോഴിക്കോട്ടായിരുന്ന മന്ത്രി തിരിച്ചെത്തിയതോടെ പരാതി എഴുതിത്തരാൻ നിർദേശിച്ചു.

എന്നാൽ, കഴിഞ്ഞ 13ന് രജിസ്‌റ്റേഡ് തപാലായി ഹരിദാസൻ എന്നയാളിൽനിന്നാണ്‌ പരാതി ലഭിച്ചത്‌. ഇദ്ദേഹത്തിന്റെ മരുമകൾക്ക്‌ ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി നിയമനം നൽകാമെന്നു പറഞ്ഞ്‌ തട്ടിപ്പ്‌ നടത്തിയതായാണ്‌ ആരോപണം. പത്തനംതിട്ട സ്വദേശി അഖിൽ സജീവനാണ്‌ പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ ഓഫീസ്‌ സഹായിയായിരുന്ന അഖിൽ സജീവനെ സാമ്പത്തിക തിരിമറിയെത്തുടർന്ന്‌ രണ്ട് വർഷംമുമ്പ്‌ ചുമതലകളിൽനിന്ന്‌ നീക്കിയിരുന്നു. പരാതിയിൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമുണ്ടെന്ന്‌ പറഞ്ഞതനുസരിച്ച്‌ അഖിൽ മാത്യുവിനോട്‌ മന്ത്രി വിശദീകരണം തേടി.

തന്റെ പേര് മനപ്പൂർവം വലിച്ചിഴച്ചതാണെന്ന്‌ അഖിൽ പറഞ്ഞു. ഇതോടെ പ്രൈവറ്റ്‌ സെക്രട്ടറി 23ന്‌ ഡിജിപിക്ക്‌ പരാതി നൽകി. അഖിൽ മാത്യു കന്റോൺമെന്റ്‌ പൊലീസിലും പരാതി നൽകി. ആൾമാറാട്ടം നടന്നതായി ബുധനാഴ്ച കന്റോൺമെന്റ്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തി അഖിൽ മൊഴി നൽകി.

പൊലീസിൽ 
പരാതിപ്പെടാനില്ലെന്ന്‌ 
ഹരിദാസൻ
നാഷണൽ ആയുഷ്‌ മിഷൻവഴി താൽക്കാലിക ഡോക്ടർ നിയമനത്തിന്‌ പണം നൽകി വഞ്ചിക്കപ്പെട്ടെങ്കിലും പൊലീസിൽ പരാതി നൽകുന്നില്ലെന്ന്‌ മന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയ റിട്ട. അധ്യാപകൻ ഹരിദാസൻ. ഇനി അതിന്റെ പിറകെ പോകുന്നില്ലെന്നും ഹരിദാസൻ മാധ്യമങ്ങളോട്‌ പറഞ്ഞു. താൽക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്താമെന്ന്‌ പത്തനംതിട്ട സ്വദേശിയായ അഖിൽ സജീവാണ്‌ പറഞ്ഞത്‌. കുറച്ചു പണംനൽകി. മെയിൽവഴി നിയമന ഉത്തരവും ലഭിച്ചു. എന്നാൽ ജോലി ലഭിച്ചില്ല. വ്യാജ മെയിലാണ്‌ എന്നു വിശ്വസിക്കുന്നില്ലെന്നും ഹരിദാസൻ പറഞ്ഞു. അതേസമയം, വണ്ടൂർ ചേതന ആശുപത്രിയിലേക്കുള്ള നിയമനം നേരത്തെ പൂർത്തിയായതാണെന്ന്‌ ആയുഷ്‌ മിഷൻ ജില്ലാ പ്രോഗ്രാംമാനേജർ ഡോ. സുനിത പറഞ്ഞു. ഈ പറഞ്ഞ വ്യക്തിക്ക്‌ മെയിൽവഴിയോ അല്ലാതെയോ നിയമന ഉത്തരവ്‌ നൽകിയിട്ടില്ല. അവർ ജോലിക്ക്‌ അപേക്ഷിച്ചതായും അറിയില്ല. ആയുഷ്‌ മിഷൻ ആണ്‌ നിയമനം നടത്തുന്നത്‌ എൻഎച്ച്‌എം അല്ല–- ഡോ. സുനിത പറഞ്ഞു.

തട്ടിപ്പുകാരന്‌ 
സിഐടിയുവുമായി 
ബന്ധമില്ല
സാമ്പത്തിക തട്ടിപ്പിന്‌ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ്‌ സെക്രട്ടറി കൂട്ടുനിന്നെന്ന ആരോപണം വസ്‌തുതാവിരുദ്ധമെന്ന്‌ സിഐടിയു. തട്ടിപ്പുകാരനായ അഖിൽ സജീവിന്‌ സിഐടിയുവുമായി ബന്ധമില്ല. രണ്ടുവർഷം മുമ്പ്‌ ഓഫീസിൽ സഹായി ആയിരുന്നു. ബാങ്കിലേക്കുള്ള പണം അടയ്‌ക്കാതെ വ്യാജസ്ലിപ്പ്‌ സിഐടിയു ഓഫീസിൽ ഏൽപ്പിച്ച്‌ തട്ടിപ്പ്‌ നടത്തിയ ഇയാളെ ജോലിയിൽനിന്ന്‌ പുറത്താക്കിയതാണ്‌. രണ്ടുലക്ഷം രൂപയാണ്‌ അഖിൽ കൈക്കലാക്കിയത്‌. ഇതിൽ പൊലീസ്‌ കേസുമുണ്ട്‌. ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ ചെക്ക്‌ മോഷ്‌ടിച്ചതിലും പണം തട്ടിച്ചതിലുമാണ്‌ കേസ്‌.
നിരവധി തട്ടിപ്പുകളിൽ അഖിൽ സജീവ്‌ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ പിന്നീട്‌ അറിഞ്ഞു.  പണ്ടെങ്ങോ ഓഫീസിലുണ്ടായിരുന്നയാൾ തട്ടിപ്പ്‌ നടത്തിയതിന്റെ ഉത്തരവാദിത്വം സിഐടിയുവിന്റെ പേരിലാക്കാനാണ്‌ മാധ്യമശ്രമം. സംഭവങ്ങൾ വളച്ചൊടിച്ച്‌ സിഐടിയുവിനെയും മന്ത്രി വീണാ ജോർജിനെയും അപമാനിക്കാനാണ്‌ ശ്രമിക്കുന്നതെന്നും ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ പ്രസ്‌താവനയിൽ പറഞ്ഞു.
 

ഇ– മെയിൽ വിലാസവും വ്യാജം
കൈക്കൂലിവാങ്ങി ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസറാക്കാമെന്നുപറഞ്ഞ്‌ തട്ടിപ്പ്‌നടത്തിയ സംഭവത്തിൽ നിയമന ഉത്തരവ്‌ ലഭിച്ചെന്നു പറയുന്ന ഇ–- മെയിലും വ്യാജം. ജില്ലാ മിഷന്റെ ഔദ്യോഗിക മെയിൽ ഐഡി dpmayushmlp@gmail.com ആണ്‌. ഉദ്യോഗാർഥിക്ക്‌ ഇതിൽനിന്നല്ല മെയിൽ വന്നത്‌. ലോഗോ ആകട്ടെ നാഷണൽ ഹെൽത്ത് മിഷന്റേതും. ജില്ലകളിൽ താൽക്കാലിക നിയമനം നടത്തുന്നതിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിന്‌ ബന്ധമില്ലെന്നിരിക്കെയാണ്‌ മലപ്പുറത്ത്‌ ഡോക്ടറും കുടുംബവും കബളിപ്പിക്കപ്പെട്ടത്‌. ഇ–- മെയിൽ സന്ദേശത്തിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ നമ്പർ സി-29/2023/എംഎൽപി/എൻഎഎം എന്നതാണ്. ഇത് കഴിഞ്ഞ മാർച്ച്‌ എട്ടിന്‌ പിജി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷയാണ്‌. ഈ പോസ്‌റ്റിൽ നേരത്തേതന്നെ നിയമനവും നടന്നു. എന്നാൽ, പരാതിക്കാരി അപേക്ഷ നൽകിയത്‌ ബിരുദ യോഗ്യതയിലുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കാണ്. ഇവർക്ക്‌ മേൽപ്പറഞ്ഞ നോട്ടിഫിക്കേഷൻ നമ്പർ പ്രകാരം അപേക്ഷിക്കാനുള്ള യോഗ്യതയുമില്ല. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top