06 July Sunday

എംബിഎ മാർക്ക്‌ലിസ്റ്റിന്‌ ഒന്നര ലക്ഷം കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


കോട്ടയം
പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക്‌ലിസ്‌റ്റും നൽകാൻ എംബിഎ വിദ്യാർഥിനിയോട്‌ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംജി സർവകലാശാല ഉദ്യോഗസ്ഥയെ വിജിലൻസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. സർവകലാശാലയിൽ എംബിഎ വിഭാഗത്തിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായ കോട്ടയം ആർപ്പൂക്കര സ്വദേശിനി സി ജെ എൽസിയാണ് (48) കോട്ടയം വിജിലൻസിന്റെ പിടിയിലായത്. ശനി പകൽ രണ്ടോടെ സർവകലാശാല ഓഫീസിലെത്തിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  ഇവരെ പിന്നീട് സർവകലാശാല സസ്പെൻഡ് ചെ യ്തു.

2014-–-2016 ബാച്ചിൽ ഏറ്റുമാനൂർ മംഗളം കോളേജിൽ നിന്ന്‌ എംബിഎ പാസായ വിദ്യാർഥിനിയോട്‌ സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കാൻ 50,000 -രൂപ ആവശ്യപ്പെട്ടു. അത്രയും തുക നൽകാനില്ലെന്ന്‌  അറിയിച്ചപ്പോൾ തുക 30000 -ആക്കി കുറച്ചു. ഇതനുസരിച്ച്‌ 15,000 രൂപ ശനിയാഴ്‌ചയും ബാക്കി തുക ഒരാഴ്ചയ്ക്കുശേഷം നൽകാൻ എൽസി ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി വിജിലൻസ് കിഴക്കൻ മേഖല എസ്‌പി വി ജി വിനോദ്കുമാറിന്‌ വിദ്യാർഥിനി പരാതി നൽകി.

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. സർവകലാശാലയിലെ പരീക്ഷാഭവന്‌ സമീപം കാത്തുനിന്ന എൽസി വിദ്യാർഥിനിയിൽ നിന്ന്‌ പണം വാങ്ങുമ്പോൾ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജ
രാക്കും.  

വിദ്യാർഥിനിയിൽനിന്ന്‌ 
മുമ്പ്‌ 1.25 ലക്ഷം വാങ്ങി
വിദ്യാർഥിനിയിൽനിന്ന്‌ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ്‌ സി ജെ എൽസി നേരത്തേ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന്‌ വിജിലൻസ്‌.
 2014–--2016 ബാച്ചിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥിനി തോറ്റ ഏഴ്‌ വിഷയങ്ങൾ വിവിധ വർഷങ്ങളിലായി എഴുതിയെടുത്തിരുന്നു. ഒരു  വിഷയം മേഴ്സി ചാൻസിലാണ് പാസായത്‌. കഴിഞ്ഞ സെപ്തംബറിലായിരുന്നു പരീക്ഷ. ഫലം പ്രസിദ്ധീകരിച്ചോ എന്ന് മാസങ്ങൾക്ക് മുമ്പ്‌ വിദ്യാർഥിനി സെക്ഷനിൽ വിളിച്ച് അന്വേഷിച്ചിരുന്നു. തോറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ സമയങ്ങളിലായി എൽസിയുടെ യൂണിവേഴ്സിറ്റി കോളേജിലെ ബാങ്ക് അക്കൗണ്ടു വഴി 1,25,000 രൂപ കൈക്കൂലിയായി വാങ്ങി. എന്നാൽ ഫലം പ്രസിദ്ധീകരിച്ചപ്പോൾ നൂറിൽ 57 മാർക്ക് ലഭിച്ചു. ഇതോടെയാണ്‌ കബളിപ്പിക്കപ്പെട്ടതായി വിദ്യാർഥിനി തിരിച്ചറിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top