23 April Tuesday

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; ഡോക്‌ടർ വിജിലൻസ്‌ പിടിയിൽ

സ്വന്തം ലേഖകൻUpdated: Monday Feb 6, 2023

ഡോ. കെ രാജൻ

ചേർത്തല> പ്രസവം നിർത്തുന്ന ശസ്‌ത്രക്രിയക്ക്‌ യുവതിയിൽനിന്ന്‌ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡോക്‌‌ടർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജിസ്‌റ്റും ലാപ്രോസ്‌‌കോപിക് സർജനുമായ ഡോ. കെ രാജനാണ് കുടുങ്ങിയത്. സംഭവം വിജിലൻസ് വിശദീകരിക്കുന്നത്‌ ഇങ്ങനെ: കടക്കരപ്പളളി സ്വദേശിനി പ്രസവം നിർത്താൻ ശസ്‌ത്രക്രിയയ്‌‌ക്കായി ഡോ. കെ രാജനെ ആശുപത്രി ഒപിയിൽ നാലുതവണ സമീപിച്ചു. പക്ഷെ, പലവിധ കാരണങ്ങൾ പറഞ്ഞ് ഡോക്‌ടർ ശസ്‌ത്രക്രിയ നീട്ടി.

കഴിഞ്ഞ ഞായറാഴ്‌‌ച വീണ്ടും ഒപിയിൽ എത്തിയ പരാതിക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ശസ്‌‌ത്രക്രിയ നടത്താൻ 2500 രൂപ ആവശ്യപ്പെട്ടു. ആറിന് പകൽ 3.30ന് മതിലകം ഭാഗത്ത്‌ ഡോക്‌ടറുടെ ഭാര്യവീടിനോട്‌ ചേർന്ന സ്വകാര്യ പ്രാക്‌‌ടീസ് കേന്ദ്രത്തിൽ തുകയെത്തിക്കാൻ നിർദേശിക്കുകയുംചെയ്‌‌തു. പരാതിക്കാരി വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ കിഴക്കൻമേഖല സൂപ്രണ്ട് വിനോദ്‌ കുമാറിനെ ഇക്കാര്യം അറിയിച്ചു. തുടർന്ന്‌ വിജിലൻസ് ജില്ലാ യൂണിറ്റ് ഡിവൈഎസ്‌‌പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലായിരുന്നു നടപടി. അറസ്‌‌റ്റിലായ ഡോക്‌‌ടറെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ്‌ ഇൻസ്‌‌പെക്‌‌ടർമാരായ ജി സുനിൽകുമാർ, ആർ രാജേഷ്‌കുമാർ, എം കെ പ്രശാന്ത്കുമാർ, എസ്‌ഐമാരായ സ്‌‌റ്റാൻലി തോമസ്, സത്യപ്രഭ, ഉദ്യോഗസ്ഥരായ ജയലാൽ, കിഷോർകുമാർ, ജോസഫ്, ഷിജു, ശ്യാംകുമാർ, സാബു, ജോഷി, സനൽ, ബിജു, നീതു, രജനി രാജൻ, മായ, ജാൻസി എന്നിവർ വിജിലൻസ്‌ സംഘത്തിലുണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top