29 March Friday

മൂന്ന്‌ കുട്ടികൾക്ക്‌ 
ദേശീയ ധീരതാ അവാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


തിരുവനന്തപുരം
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ 2022ലെ ദേശീയ ധീരതാ പുരസ്‌കാരത്തിന്‌ കേരളത്തിൽനിന്ന് മൂന്ന്‌ കുട്ടികൾ അർഹരായി. മലപ്പുറം തേഞ്ഞിപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥികളായ അഹമ്മദ് ഫാസ്, മുഹമ്മദ് ഇർഫാൻ എന്നിവർക്ക്‌ പ്രഹ്ളാദ് അവാർഡും കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരനായ നിഹാദിന്‌ ധ്രുവ് അവാർഡുമാണ് ലഭിച്ചത്. കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പന്ത്രണ്ടുകാരൻ ഗോകുലിനെയാണ്‌ അഹമ്മദ് ഫാസും മുഹമ്മദ് ഇർഫാനും രക്ഷിച്ചത്‌. സ്കൂൾവിട്ട് പോകുംവഴി ഗോകുൽ ഒഴുക്കിൽപ്പെട്ടതു കണ്ട ഇവർ ചാടി രക്ഷിക്കുകയായിരുന്നു. അഹമ്മദ് ഫാസ് തേഞ്ഞിപ്പാലം ചക്കാലയിൽ ഹൗസിൽ മുഹമ്മദ് ഫിറോസിന്റെയും വി പി സുബൈദയുടെയും മകനാണ്. തേഞ്ഞിപ്പാലം പാറപ്പുറത്ത് കൊയിലിപ്പാടം ഹൗസിൽ അലി അക്ബറിന്റെയും സി ഫസീലയുടെയും മകനാണ് മുഹമ്മദ് ഇർഫാൻ. കോഴിക്കോട്‌ തളീക്കരയിലെ തടയണയിൽ വീണ നാലുവയസ്സുകാരനെയാണ്‌ നിഹാദ്‌ രക്ഷിച്ചത്‌. തളിയിൽ മാണിക്കോത്ത് വീട്ടിൽ റഹിമിന്റെയും എം കെ അസ്മയുടെയും മകനാണ്.

ഡൽഹിയിൽ റിപ്പബ്ലിക്ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ച് 2020, 2021, 2022 വർഷങ്ങളിലെ ദേശീയ ധീരതാ പുരസ്കാരങ്ങൾ സമ്മാനിക്കും. 2020ൽ പുരസ്കാരം ലഭിച്ച ജയകൃഷ്ണൻ ബാബു, ഉമ്മർ മുക്താർ, മൊഹമ്മദ് ഹംറസ്, 2021ൽ പുരസ്കാരം ലഭിച്ച എയ്ഞ്ചൽ മരിയ ജോയി, ശിവകൃഷ്ണൻ, ഷാനിസ് അബ്ദുള്ള, ശീതൾ ശശി, ഋതുജിത് എന്നിവരെ സംസ്ഥാന ശിശുക്ഷേമ സമിതി ആദരിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top